കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാന സ്ഥാനമുള്ള മൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെയുള്ള അക്രമ സംഭവങ്ങൾ വർധിക്കുന്നത് ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാകുന്നു. ഇത്തരം സംഭവങ്ങളിൽ നിയമനടപടികൾ സ്വീകരിക്കാൻ സഞ്ചാരികൾ മടിക്കുന്നത് അക്രമികൾക്ക് കൂടുതൽ പ്രോത്സാഹനമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ നിരവധി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കാര്യക്ഷമമായ നടപടികൾ ഉണ്ടായിട്ടില്ല. നീണ്ട
യാത്രാദുരിതങ്ങളും ഗതാഗതക്കുരുക്കും മറികടന്നെത്തുന്ന സഞ്ചാരികൾ നേരിടുന്ന ഇത്തരം ദുരനുഭവങ്ങൾ വിനോദസഞ്ചാര മേഖലയുടെ ഭാവി തന്നെ പ്രതിസന്ധിയിലാക്കുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകുന്നു. രണ്ടാം മൈൽ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, പള്ളിവാസൽ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ കൂടുതൽ അക്രമങ്ങൾ അരങ്ങേറിയത്.
വഴിയോര കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ഗൈഡുമാർ എന്നിവരിൽ നിന്നാണ് സഞ്ചാരികൾക്ക് പ്രധാനമായും മോശം അനുഭവങ്ങൾ ഉണ്ടാകുന്നത്. വാഹന പാർക്കിങ്, വാഹനങ്ങൾ തമ്മിൽ ഉരസുന്നത്, ഊബർ ടാക്സികളുടെ ഉപയോഗം, ഗതാഗതത്തിനിടെ സൈഡ് നൽകാത്തത് തുടങ്ങി നിസ്സാരമായ കാരണങ്ങൾ പോലും വലിയ സംഘർഷങ്ങൾക്ക് വഴിവെക്കുന്നു.
ഊബർ വാഹനങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളെ വാഹനത്തിൽ നിന്ന് ഇറക്കിവിട്ട സംഭവങ്ങൾ നേരത്തെ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
അതിർത്തി പ്രദേശമായ ടോപ് സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത വലിയൊരു വെല്ലുവിളിയാണ്. ദിവസവും പതിനായിരത്തിലധികം ആളുകൾ എത്തുന്ന ഈ സ്ഥലം തമിഴ്നാട് സർക്കാരിന്റെ അധികാരപരിധിയിലാണ് വരുന്നത്.
ഇവിടെ നിന്നും 130 കിലോമീറ്റർ അകലെയുള്ള കൊരങ്ങണി പൊലീസ് സ്റ്റേഷന്റെ കീഴിലാണ് ടോപ് സ്റ്റേഷൻ ഉൾപ്പെടുന്നത്. ഇവിടുത്തെ ടാക്സി ഡ്രൈവർമാരും കച്ചവടക്കാരും സഞ്ചാരികളുമായി നിരന്തരം തർക്കത്തിലേർപ്പെടുന്നതും ആക്രമിക്കുന്നതും നിത്യസംഭവമായി മാറിയിട്ടും തമിഴ്നാട് ഭരണകൂടം സുരക്ഷാ നടപടികൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ല.
ചൊവ്വാഴ്ച വർക്കലയിൽ നിന്നെത്തിയ 68 പേരടങ്ങുന്ന സംഘം സഞ്ചരിച്ച ബസ് വഴിയോര കടയ്ക്ക് മുന്നിൽ നിർത്തിയെന്നാരോപിച്ച് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ നാട്ടുകാർ മർദിച്ചത് ഏറ്റവും ഒടുവിലത്തെ സംഭവമാണ്. വട്ടവട
എയ്ഡ് പോസ്റ്റിൽ നിന്ന് എത്തിയ രണ്ട് പൊലീസുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

