കണ്ണൂർ ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെ നടന്ന മോഷണത്തിൽ ഏകദേശം 20,000 രൂപ നഷ്ടപ്പെട്ടതായി പരാതി. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അക്രമം നടന്നത്.
ക്ഷേത്രം മാനേജർ സി.എം.ശ്രീജിത്ത് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റ് തകർത്ത് അകത്ത് കടന്ന മോഷ്ടാവ്, സുരക്ഷാ ജീവനക്കാരനായ വൈഷ്ണവിനെ മുറിക്കുള്ളിലാക്കി പൂട്ടിയ ശേഷമാണ് മോഷണം നടത്തിയത്.
പിക്കാസുമായി എത്തിയ അക്രമി വഴിപാട് കൗണ്ടറിന്റെ പൂട്ട് തകർക്കുകയും മേശവലിപ്പ് കുത്തിത്തുറന്ന് പണം കവരുകയുമായിരുന്നു. ഇതിനുശേഷം ചുറ്റമ്പലത്തിന് പുറത്തുള്ള പ്രധാന ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും പണം കൈക്കലാക്കാനായില്ല.
തുടർന്ന് ക്ഷേത്രനടയിലെ മേശയും വഴിപാട് കൗണ്ടറിന് സമീപത്തെ ഭണ്ഡാരവും തകർത്ത് പണം അപഹരിച്ചു. പിൻവശത്തെ ഭണ്ഡാരം തകർക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരൻ വാതിൽ തള്ളിത്തുറന്ന് പുറത്തിറങ്ങി മോഷ്ടാവിനെ നേരിട്ടു.
“പിക്കാസ് കൊണ്ട് മോഷ്ടാവ് കൊല്ലാൻ ശ്രമിച്ചുവെന്ന് സുരക്ഷാ ജീവനക്കാരൻ വൈഷ്ണവ് പറഞ്ഞു.” ഇരുവരും തമ്മിൽ നടന്ന ഏറ്റുമുട്ടലിനിടെ സുരക്ഷാ ജീവനക്കാരനെ തള്ളിമാറ്റി മോഷ്ടാവ് മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്ന് മോഷ്ടാവിന്റെ രണ്ട് ടോർച്ചുകൾ കണ്ടെടുത്തു. ടൗൺ പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

