പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, സ്കൂൾ വിപണിയിൽ പുത്തൻ ട്രെൻഡുകളുമായി കച്ചവടം സജീവമാകുന്നു. ഡിജിറ്റൽ പെൻസിൽ ബോക്സുകളും, മാർവൽ സൂപ്പർ ഹീറോകളുടെയും ഡിസ്നി കഥാപാത്രങ്ങളുടെയും ചിത്രങ്ങൾ പതിച്ച ബാഗുകളുമാണ് ഇത്തവണ വിപണിയിലെ പ്രധാന ആകർഷണങ്ങൾ.
ബാഗുകൾ, കുടകൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ, പാദരക്ഷകൾ, നോട്ട്ബുക്കുകൾ തുടങ്ങി പഠനോപകരണങ്ങളുടെ വലിയ ശേഖരം തന്നെ വിപണിയിലുണ്ട്. വിപണിയിലെ ഏറ്റവും വലിയ പ്രത്യേകത ഡിജിറ്റൽ പെൻസിൽ ബോക്സുകളാണ്.
ഈ ബോക്സുകളുടെ ഡിസ്പ്ലേയിൽ കുട്ടികൾക്ക് എഴുതാനും വരയ്ക്കാനും സാധിക്കും. എഴുത്തുകൾ എളുപ്പത്തിൽ മായ്ക്കാനുള്ള സൗകര്യവുമുണ്ട്.
150 രൂപ മുതലാണ് ഇവയുടെ വില ആരംഭിക്കുന്നത്. ബാഗുകളുടെ കാര്യത്തിൽ, 300 രൂപ മുതലുള്ള മോഡലുകൾ ലഭ്യമാണ്.
പ്രശസ്തമായ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് 1500 രൂപ മുതൽ വില ആരംഭിക്കുന്നു. ഗുണമേന്മയും ഉറപ്പും നൽകുന്നതിനാൽ ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് മികച്ച ഡിമാൻഡാണുള്ളത്.
പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്കായി മാർവൽ, ഡിസ്നി കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ബാഗുകൾക്ക് ആവശ്യക്കാർ ഏറെയാണ്. കുടകളുടെ വിൽപനയും തകൃതിയായി നടക്കുന്നുണ്ട്.
വിവിധ വർണങ്ങളിൽ കാർട്ടൂൺ ചിത്രങ്ങൾ പതിച്ച കുടകൾക്ക് 250 രൂപ മുതലാണ് വില. വേനൽക്കാലത്ത് തന്നെ തുടങ്ങിയ കുടയുടെ ഡിമാൻഡ് മഴക്കാലം അടുത്തതോടെ വർധിച്ചിരിക്കുകയാണ്.
ലഞ്ച് ബോക്സുകൾക്ക് 250 രൂപ മുതലും, വാട്ടർ ബോട്ടിലുകൾക്ക് 100 രൂപ മുതലും, സാധാരണ പെൻസിൽ ബോക്സുകൾക്ക് 30 രൂപ മുതലുമാണ് വില ഈടാക്കുന്നത്. സൂപ്പർമാർക്കറ്റുകൾ പഠനോപകരണങ്ങൾക്കായി പ്രത്യേക കൗണ്ടറുകൾ സജ്ജീകരിക്കുകയും വിവിധ ഓഫറുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
ഓൺലൈൻ വിപണിയും സജീവമാണ്. എങ്കിലും, സ്കൂളുകളിൽ നിന്ന് പഠനോപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നതും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ തിരക്കും ചെറുകിട
കച്ചവടക്കാരെ ബാധിക്കുന്നുണ്ടെന്ന ആശങ്ക വ്യാപാരികൾ പങ്കുവെക്കുന്നു. അടുത്ത ആഴ്ചയോടെ കച്ചവടം കൂടുതൽ ഉണരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

