സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി ഔദ്യോഗികമായി ഉപേക്ഷിച്ച സർക്കാർ തീരുമാനം, വീടും ഭൂമിയും നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിഞ്ഞിരുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുന്നു. അങ്കമാലി ചമ്പന്നൂരിലെ ഫ്രാൻസിസ് – ത്രേസ്യാമ്മ ദമ്പതികൾ, കിരിയാന്തൻ ലാലി, മാമലയിലെ വ്യാപാരി മോനായി തുടങ്ങിയവർ ഉൾപ്പെടെയുള്ളവർക്ക് ഇനി ആശങ്കകളില്ലാതെ സ്വന്തം ഭൂമിയിൽ തുടർന്നു താമസിക്കാം.
സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സ്ഥാപിച്ചിരുന്ന സർവേ കല്ലുകൾ അഥവാ മഞ്ഞക്കുറ്റികൾ പിഴുതെറിഞ്ഞും മധുരം പങ്കുവെച്ചുമാണ് ജനങ്ങൾ ഈ തീരുമാനത്തെ വരവേൽക്കുന്നത്. **”സ്വന്തം വീട്ടിൽ കിടക്കണം, മരണം വരെ”** അങ്കമാലിയിൽ താമസിക്കുന്ന ത്രേസ്യാമ്മ തന്റെ ആശ്വാസം പങ്കുവെക്കുന്നത് ഇങ്ങനെയാണ്: “സിൽവർലൈൻ പോലുള്ള പദ്ധതി ഒരിക്കലും തിരിച്ചു വരരുതേ എന്നാണു പ്രാർഥന.
ഒരുപാടു കഷ്ടപ്പെട്ടാണു വീടുണ്ടാക്കിയത്. അതിൽ മരണം വരെ കിടക്കണം”.
2018-ലെ പ്രളയത്തെ അതിജീവിച്ച ഇവർ, വായ്പയെടുത്താണ് 6 സെന്റ് സ്ഥലത്ത് വീട് നിർമ്മിച്ചത്. പദ്ധതിയുടെ അലൈൻമെന്റ് പ്രകാരം വീട് നഷ്ടപ്പെടുമെന്ന ഭീഷണി നേരിട്ടിരുന്ന ഇവർക്ക് സിൽവർലൈൻ സമരത്തിനിടെ പൊലീസ് കസ്റ്റഡിയിൽ പോകേണ്ട
സാഹചര്യവും ഉണ്ടായിരുന്നു. പദ്ധതിയുടെ ഭാഗമായി വീടിനോട് ചേർന്ന് മഞ്ഞക്കുറ്റി സ്ഥാപിച്ചതോടെ സമാധാനം നഷ്ടപ്പെട്ടതിനെക്കുറിച്ച് കിരിയാന്തൻ ലാലി ഓർക്കുന്നു.
“സിൽവർ ലൈൻ പദ്ധതിയുടെ സർവേ ഉദ്യോഗസ്ഥർ എത്തിയ അന്നുമുതൽ സമാധാനം നഷ്ടമായി. വീടിനു തൊട്ടുപിന്നിൽ വെറും 10 മീറ്റർ മാത്രം അകലെയാണു മഞ്ഞക്കുറ്റി അടിച്ചത്.
അതോടെ സമാധാനം നഷ്ടപ്പെട്ടു. ഇറക്കി വിട്ടാൽ എങ്ങോട്ടു പോകുമെന്ന ആധിയിൽ തിരുവനന്തപുരം വരെ പോയി പദ്ധതിക്കെതിരെ സമരം ചെയ്തു”.
**പ്രതിഷേധങ്ങളുടെ നാൾവഴികൾ** ആലുവയിലെ കീഴ്മാട് പഞ്ചായത്തിൽ, കുട്ടമശേരിയിലെ സിൽവർലൈൻ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിൽ മഞ്ഞക്കുറ്റികൾ പിഴുതുമാറ്റി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റ് സാജു മത്തായി, ലൈസ സെബാസ്റ്റ്യൻ, മറിയ അബു എന്നിവർ സമരത്തിന് നേതൃത്വം നൽകി.
മാമലയിൽ പച്ചക്കറിക്കട നടത്തുന്ന മോനായിയുടെ വാക്കുകൾ: “4 സെന്റിലുള്ള കട
അപ്പാടെ പദ്ധതിക്കായി എടുത്തുപോകുന്ന സ്ഥിതിയിലായിരുന്നു. മഞ്ഞക്കുറ്റിക്ക് ഇരുവശവും ബഫർ സോൺ ഉണ്ടാകുമെന്നതിനാൽ സ്ഥലം വിൽക്കാനോ ഈടു വച്ചു വായ്പയെടുക്കാനോ പറ്റില്ല.
എന്തായാലും ഇപ്പോൾ ആശ്വാസമായി.” മുളന്തുരുത്തി, ചോറ്റാനിക്കര, പിറവം, പാഴൂർ, മണീട് തുടങ്ങിയ മേഖലകൾ പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രങ്ങളായിരുന്നു. നെടുമ്പാശേരിയിലെ എളവൂരിലും സമിതിയുടെ നേതൃത്വത്തിൽ കല്ലുകൾ നീക്കം ചെയ്തു.
സർവേ കല്ലുകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷിയാസ്, അനൂപ് ജേക്കബ്, വി.പി. സജീന്ദ്രൻ എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെ മുൻപ് കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

