ആറന്മുള ഗവൺമെന്റ് ഹൈസ്കൂളിലെ ഉച്ചഭക്ഷണ ഹാൾ അങ്കണവാടി പ്രവർത്തിക്കാൻ വിട്ടുനൽകിയത് വിദ്യാർഥികൾക്ക് കടുത്ത ദുരിതമായി മാറുന്നു. വർഷങ്ങളായി തുടരുന്ന ഈ പ്രതിസന്ധി ഹൈസ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ, അങ്കണവാടി അടിയന്തരമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതരോട് ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു. 2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ഈ ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്.
സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിൽ പഠിക്കുന്ന ഇരുനൂറ്റി അൻപതോളം വിദ്യാർഥികളിൽ 187 പേരാണ് ഇവിടെ ഉച്ചഭക്ഷണം കഴിക്കുന്നത്. എന്നാൽ, അങ്കണവാടി ഈ ഹാളിൽ പ്രവർത്തിക്കുന്നതിനാൽ 50 കുട്ടികൾക്ക് പോലും ഒരേസമയം ഭക്ഷണം കഴിക്കാൻ ആവശ്യമായ സൗകര്യം ലഭ്യമല്ല.
മുൻപ് സ്കൂളിലെ പഴയ ഓടിട്ട കെട്ടിടത്തിന്റെ കിഴക്കേയറ്റത്തായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
സ്കൂളിലെ ക്ലാസ് മുറികളിൽ ടൈൽ വിരിക്കുന്നതിന്റെ ഭാഗമായാണ് അങ്കണവാടി താൽക്കാലികമായി ഡൈനിങ് ഹാളിലേക്ക് മാറ്റിയത്. അങ്കണവാടി ഉടൻ തന്നെ മാറ്റുമെന്നായിരുന്നു അധികൃതരുടെ അന്നത്തെ വാഗ്ദാനം.
എന്നാൽ, എട്ട് വർഷം പിന്നിട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. നിലവിൽ ഏഴ് കുട്ടികളാണ് ഇവിടെയുള്ളത്.
പാചകം, പഠനം, കളിയുപകരണങ്ങളുടെ സൂക്ഷിപ്പ്, വിശ്രമം എന്നിവയെല്ലാം ഈ ഒരൊറ്റ മുറിയിലാണ് നടക്കുന്നത്. ഉച്ചസമയത്ത് ഭക്ഷണം കഴിക്കാൻ എത്തുന്ന 187 വിദ്യാർഥികൾ ഈ സാഹചര്യത്തിൽ വലിയ പ്രായോഗിക ബുദ്ധിമുട്ടാണ് നേരിടുന്നത്.
സ്കൂൾ കെട്ടിടത്തിൽ ക്ലാസുകൾ നടത്താനുള്ള സൗകര്യം മാത്രമേയുള്ളൂ. പുതിയ കെട്ടിടത്തിനായി വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചെങ്കിലും നിർമാണം ഇനിയും ആരംഭിച്ചിട്ടില്ല.
അങ്കണവാടിക്കായി അനുയോജ്യമായ മറ്റൊരു കെട്ടിടം കണ്ടെത്തി മാറ്റിസ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ഇടപെടണമെന്നാണ് അധികൃതരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

