ആറന്മുള ഗവ. എച്ച്എസ്എസിലെ വിദ്യാർഥികളും സ്കൂൾ ഡൈനിങ് ഹാളിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെ കുട്ടികളും ഒരു അധ്യയന വർഷം കൂടി പിന്നിടുമ്പോഴും വലിയ പ്രതിസന്ധിയിലാണ്.
സ്കൂൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം കഴിക്കാൻ നിർമിച്ച ഡൈനിങ് ഹാൾ വർഷങ്ങളായി അങ്കണവാടിയുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. നിലവിൽ സ്കൂളിലെ ഉച്ചഭക്ഷണ സൗകര്യം പൂർണമായും അവതാളത്തിലായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ അങ്കണവാടി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകി. ഹൈസ്കൂൾ വിഭാഗത്തിൽ ഏകദേശം ഇരുനൂറ്റൻപതോളം വിദ്യാർഥികളാണുള്ളത്.
ഇതിൽ 187 കുട്ടികൾ ഉച്ചഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും, അവർക്ക് ഭക്ഷണം കഴിക്കാൻ ആവശ്യമായ ഇടം നിലവിലില്ല. 2018-ൽ 9.5 ലക്ഷം രൂപ ചെലവഴിച്ചാണ് ജില്ലാ പഞ്ചായത്ത് ഈ ഡൈനിങ് ഹാളും കഞ്ഞിപ്പുരയും നിർമിച്ചത്.
എന്നാൽ കെട്ടിടം പൂർത്തിയായ സമയം മുതൽ അങ്കണവാടി ഇവിടെ പ്രവർത്തിക്കുകയാണ്. അമ്പത് കുട്ടികൾക്ക് പോലും തികയാത്ത സാഹചര്യത്തിലാണ് നൂറിലധികം വിദ്യാർഥികൾ ഇവിടെ ഉച്ചഭക്ഷണം കഴിക്കാൻ എത്തുന്നത്.
മുമ്പ് സ്കൂളിന്റെ ഓടിട്ട പഴയ കെട്ടിടത്തിന്റെ കിഴക്കേയറ്റത്തെ ക്ലാസ് മുറിയിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്.
ക്ലാസ് മുറിയിൽ ടൈൽ പാകുന്ന ജോലികൾ നടക്കുമ്പോൾ താൽക്കാലികമായാണ് അങ്കണവാടി നിലവിലെ കെട്ടിടത്തിലേക്ക് മാറ്റിയത്. പെട്ടെന്നുതന്നെ അങ്കണവാടി മാറ്റി സ്ഥാപിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും എട്ട് വർഷം പിന്നിട്ടിട്ടും നടപടികളുണ്ടായില്ല.
ഏഴ് കുട്ടികളുള്ള അങ്കണവാടിയുടെ പഠനം, അടുക്കള, കളിസ്ഥലം, വിശ്രമം എന്നിവയെല്ലാം ഈ ഒരു മുറിയിൽ തന്നെയാണ് നടക്കുന്നത്. അതിനിടയിലേക്കാണ് ഉച്ചഭക്ഷണത്തിനായി നൂറുകണക്കിന് വിദ്യാർഥികൾ എത്തുന്നത്.
സ്കൂളിൽ പുതിയ കെട്ടിടം നിർമിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അതിനാൽ അങ്കണവാടിക്ക് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തി മാറ്റുക മാത്രമാണ് നിലവിൽ ശാശ്വത പരിഹാരം.
ഇതിനായുള്ള തുടർനടപടികൾ പഞ്ചായത്ത് ഭരണസമിതി സ്വീകരിക്കണമെന്നാണ് അധികൃതരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

