ആമ്പല്ലൂർ ദേശീയപാതയിൽ നടക്കുന്ന അശാസ്ത്രീയമായ അടിപ്പാത നിർമാണം നെന്മണിക്കര ഗ്രാമത്തെ വെള്ളപ്പൊക്ക ഭീഷണിയിലാക്കുന്നു. കേളിത്തോട് മുതൽ മണലിപ്പുഴ വരെയുള്ള പ്രദേശത്ത് ആവശ്യമായ ഡ്രെയ്നേജ് സംവിധാനങ്ങൾ ഒരുക്കാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം.
പ്രദേശത്തെ മഴവെള്ളം സുഗമമായി ഒഴുകിപ്പോകാൻ വഴികളില്ലാത്തതിനാൽ വരാനിരിക്കുന്ന മഴക്കാലത്ത് ഗ്രാമം പൂർണമായും വെള്ളക്കെട്ടിലാകുമെന്ന ആശങ്ക ശക്തമാണ്. ദേശീയപാതയിലെ അടിപ്പാതയുള്ള ഭാഗങ്ങളിൽ നിന്ന് പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്ന വെള്ളം നെന്മണിക്കരയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കാണ് എത്തിച്ചേരുന്നത്.
ശാസ്ത്രീയമായ ഓവുചാൽ സംവിധാനത്തിന്റെ അഭാവം മൂലം നെന്മണിക്കരയിലേക്കുള്ള പ്രധാനപ്പെട്ട മൂന്ന് റോഡുകളുടെയും പ്രവേശന കവാടങ്ങളിൽ ചെളിയും വെള്ളക്കെട്ടും രൂപപ്പെടാൻ സാധ്യതയേറെയാണ്.
ഇതുമൂലം അഞ്ഞൂറിലധികം വീടുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുകയോ അപകടകരമായ സാഹചര്യങ്ങൾ ഉടലെടുക്കുകയോ ചെയ്യും. നെന്മണിക്കര പഞ്ചായത്ത് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ ആമ്പല്ലൂരിലെത്തി സ്ഥലപരിശോധന നടത്തി.
ദേശീയപാത മറികടന്ന് വെള്ളം പുഴയിലേക്ക് ഒഴുക്കിക്കളയാൻ ശാസ്ത്രീയമായ സംവിധാനങ്ങൾ മഴക്കാലത്തിന് മുൻപായി അടിയന്തരമായി നടപ്പിലാക്കണമെന്ന് പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു. പരിശോധനാ വേളയിൽ പഞ്ചായത്ത് പ്രസിഡന്റ് വി.ടി.വിജയലക്ഷ്മി, വൈസ് പ്രസിഡന്റ് കെ.എ.സുരേഷ്, അംഗം വി.ആർ.സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

