പൂച്ചാക്കൽ: പെരുമ്പളം പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും പൂർത്തിയാകാതെ തുടരുന്നു. പദ്ധതിയുടെ നിർമ്മാണത്തിലെ അനാസ്ഥയും ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പാതിവഴിയിൽ നിലച്ചതും പ്രദേശവാസികൾക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
മാർച്ച് 7നാണ് പാലം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം ടാറിങ് പ്രവൃത്തികൾ ആരംഭിക്കുമെന്നും ഒരു മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കുമെന്നുമായിരുന്നു അധികൃതരുടെ വാഗ്ദാനം.
എന്നാൽ, രണ്ട് മാസം പിന്നിട്ടിട്ടും ആദ്യഘട്ട ടാറിങ് പോലും പൂർണ്ണമായിട്ടില്ല.
പാലത്തിലും അപ്രോച്ച് റോഡുകളിലും നടക്കേണ്ട രണ്ടാം ഘട്ട
ടാറിങ് പ്രവൃത്തികൾ അനിശ്ചിതമായി നീളുകയാണ്. പാലത്തിലെ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിൽ കെൽട്രോണിന് കരാർ നൽകിയതായി അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും തുടർ നടപടികൾ ഇനിയും ഉണ്ടായിട്ടില്ല.
നിലവിൽ പാലത്തിൽ അനധികൃത പാർക്കിംഗും കച്ചവടങ്ങളും വ്യാപകമാണ്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കായലിലേക്കും പാലത്തിലേക്കും വലിച്ചെറിയുന്നത് പതിവാകുകയും, രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാവുകയും ചെയ്തതായി പരാതിയുണ്ട്.
അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടാൻ കാരണമെന്ന് കരാറുകാർ വിശദീകരിക്കുന്നു. റോഡ് നിർമ്മാണ യന്ത്രങ്ങളും നിർമ്മാണ സാമഗ്രികളും പാലത്തിൽ തന്നെ ഉപേക്ഷിച്ചിരിക്കുന്നത് രാത്രിയിൽ വലിയ അപകടസാധ്യതയാണ് സൃഷ്ടിക്കുന്നത്.
പാലം ഉദ്ഘാടന ദിനത്തിൽ കെഎസ്ആർടിസി ബസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തെങ്കിലും, പിന്നീട് സർവീസുകൾ ഒന്നും തന്നെ ഉണ്ടായില്ല. ടാറിങ് പൂർത്തിയായ ശേഷം മാത്രമേ ബസ് സർവീസുകൾ ആരംഭിക്കൂ എന്നാണ് അധികൃതരുടെ നിലപാട്.
അവധി ദിവസങ്ങളിൽ സന്ദർശകരുടെ സാന്നിധ്യം ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്തത് പ്രദേശവാസികളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

