ഓഹരി വിപണിയിൽ നിക്ഷേപം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം മനസ്സിലാക്കേണ്ടത് ഡിമാറ്റ് അക്കൗണ്ടിന്റെയും ട്രേഡിങ് അക്കൗണ്ടിന്റെയും പ്രവർത്തനരീതികളാണ്. ഓഹരികൾ, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്), ബോണ്ടുകൾ, ഗവൺമെന്റ് സെക്യൂരിറ്റികൾ (ജി-സെക്), മ്യൂച്വൽ ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങൾ ഡിജിറ്റൽ രൂപത്തിൽ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിമാറ്റ് അക്കൗണ്ട്.
ഇതൊരു 16 അക്ക നമ്പറുള്ള അക്കൗണ്ടാണ്. ഒരാൾക്ക് ഒന്നിലധികം ബാങ്ക് സേവിങ്സ് അക്കൗണ്ടുകൾ ഉണ്ടായിരിക്കുന്നതുപോലെ, ആവശ്യാനുസരണം ഒന്നിലധികം ഡിമാറ്റ് അക്കൗണ്ടുകളും തുറക്കാവുന്നതാണ്.
ബാങ്ക് അക്കൗണ്ടിലെ പണം ബാങ്കുകൾ സംരക്ഷിക്കുന്നത് പോലെ, ഡിമാറ്റ് അക്കൗണ്ടിലെ ഓഹരികളും നിക്ഷേപങ്ങളും കൈകാര്യം ചെയ്യുന്നത് ഡെപ്പോസിറ്ററി സ്ഥാപനങ്ങളാണ്. ഇന്ത്യയിലെ രണ്ട് പ്രധാന സെൻട്രൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററികൾ നാഷനൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻഎസ്ഡിഎൽ), സെൻട്രൽ ഡെപ്പോസിറ്ററി സർവീസസ് ലിമിറ്റഡ് (സിഡിഎസ്എൽ) എന്നിവയാണ്.
നിക്ഷേപകർ സേവനങ്ങൾക്കായി സമീപിക്കുന്ന ബ്രോക്കറേജ് സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായാലോ പാപ്പരായാലോ പോലും, ഡെപ്പോസിറ്ററികളിൽ സൂക്ഷിച്ചിരിക്കുന്ന നിക്ഷേപങ്ങൾ പൂർണ്ണമായും സുരക്ഷിതമായിരിക്കും. ഓഹരി വിപണിയിൽ ക്രയവിക്രയം നടത്താൻ ട്രേഡിങ് അക്കൗണ്ട് അനിവാര്യമാണ്.
ഓഹരികൾ വാങ്ങുമ്പോൾ അവ ഇടപാട് കഴിഞ്ഞ് ഒരു ദിവസം (T+1 ദിവസം) കൊണ്ട് ഡെപ്പോസിറ്ററിയിലേക്ക് മാറുന്നു. ഈ സമയം വരെ അവ ബ്രോക്കർ നൽകുന്ന ട്രേഡിങ് അക്കൗണ്ടിലാണ് സൂക്ഷിക്കപ്പെടുന്നത്.
ഓഹരികൾ വിൽക്കുമ്പോഴും ഈ പ്രക്രിയ ബാധകമാണ്. ചുരുക്കത്തിൽ, ഓഹരി വിപണിയിലെ ഇടപാടുകൾക്കായി ഡിമാറ്റ്, ട്രേഡിങ് എന്നീ രണ്ട് അക്കൗണ്ടുകളും സംയോജിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
ഊഹക്കച്ചവടവും (Speculation) ട്രേഡിങ് അക്കൗണ്ടും
ട്രേഡിങ് അക്കൗണ്ടിന്റെ മറ്റൊരു പ്രധാന ഉപയോഗം ഊഹക്കച്ചവടത്തിലാണ്. പെട്ടെന്ന് ലാഭം ലക്ഷ്യമിടുന്നവർ കൂടുതലായി ആശ്രയിക്കുന്നത് ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (F&O) ആണ്.
ഇവ കൃത്യമായ കാലാവധിയുള്ള (expiry date) കരാറുകളായതിനാൽ, ഡീമാറ്റ് അക്കൗണ്ടിലേക്ക് മാറ്റേണ്ട ആവശ്യമില്ല.
എല്ലാ F&O ഇടപാടുകളും കാലാവധി തീരുന്നത് വരെ ട്രേഡിങ് അക്കൗണ്ടിൽ തന്നെ നിലനിൽക്കും. കൂടാതെ, ഇക്വിറ്റി ഷെയറുകളിലോ ഇടിഎഫുകളിലോ നടത്തുന്ന ഇൻട്രാഡേ ട്രേഡ് (ഒരേ ദിവസം ഓഹരി വാങ്ങി വിൽക്കുന്നത്) പോലുള്ള ഇടപാടുകളും ട്രേഡിങ് അക്കൗണ്ട് വഴി മാത്രമാണ് നടക്കുന്നത്.
ഇത്തരം ഇടപാടുകൾ ഡിമാറ്റ് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

