വയനാടൻ തോട്ടങ്ങളിൽ വിപണന സൗകര്യങ്ങളുടെ അഭാവം മൂലം നശിച്ചുപോയിരുന്ന ചക്കയ്ക്ക് അയൽസംസ്ഥാനമായ കർണാടകയിൽ വൻ സ്വീകാര്യത. വയനാട്ടിൽ നിന്നും ദിനംപ്രതി ലോഡുകണക്കിന് ചക്കയാണ് അതിർത്തി കടന്ന് കർണാടകയിലെ വിവിധ വിപണികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
അവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പഴവിപണികളിലും വയനാടൻ ചക്കയ്ക്ക് വലിയ പ്രചാരമാണുള്ളത്. പ്രത്യേകിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാതയോരങ്ങളിൽ പച്ചച്ചക്കയ്ക്കും പഴുത്ത ചക്കച്ചുളകൾക്കും വലിയ ആവശ്യക്കാരാണുള്ളത്.
നിലവിൽ കർണാടക വിപണിയിൽ 5 ചുള ചക്കപ്പഴത്തിന് 30 രൂപയും, ഒരു ചക്കച്ചുളയ്ക്ക് 6 രൂപയുമാണ് വില. ഒരു വലിയ ചക്ക മുറിച്ച് വിൽക്കുമ്പോൾ കച്ചവടക്കാരന് 500 രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ട്.
എന്നാൽ, വയനാട്ടിലെ കർഷകർക്ക് ഒരു ചക്കയ്ക്ക് വെറും 20 രൂപ മാത്രമാണ് ലഭിക്കുന്നത് എന്നത് വിപരീത സാഹചര്യമാണ് വ്യക്തമാക്കുന്നത്. കർണാടകയ്ക്ക് പുറമെ ഉത്തരേന്ത്യൻ വിപണികളിലേക്കും വയനാടൻ ചക്ക എത്തുന്നുണ്ട്.
ഇടിച്ചക്ക, പച്ചച്ചക്ക, പഴുത്ത ചക്ക എന്നിങ്ങനെ തരംതിരിച്ചാണ് ലോറികളിൽ ഇവ കൊണ്ടുപോകുന്നത്. കടുത്ത ചൂടിൽ ചക്ക കേടുകൂടാതെ സൂക്ഷിക്കാൻ ഐസ് പാളികൾ നിരത്തിയാണ് ഗതാഗതം ക്രമീകരിക്കുന്നത്.
ഓരോ വർഷവും വലിയ അളവിൽ ചക്ക ജില്ലയിൽ നിന്ന് കയറ്റി അയക്കുന്നുണ്ടെങ്കിലും, ഉൽപാദനത്തിന്റെ സിംഹഭാഗവും തോട്ടങ്ങളിൽ തന്നെ പഴുത്ത് ചീഞ്ഞു നശിക്കുന്ന അവസ്ഥയാണ്. ജില്ലയിൽ ചക്ക സംസ്കരിച്ച് മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ്.
ജൈവ രീതിയിൽ കൃഷി ചെയ്യുന്ന മറ്റ് പഴവർഗ്ഗങ്ങളുടെ അവസ്ഥയും സമാനമാണ്. പഴവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമ്പോഴും അവയുടെ വിപണനത്തിനോ സംസ്കരണത്തിനോ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന പരാതി കർഷകർക്കിടയിൽ ശക്തമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

