പാർലമെന്റിന്റെ ഇരുസഭകളിലും ഇന്നും ശക്തമായ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ വീണ്ടും നിർത്തിവെച്ചു.
സഭയിൽ അമിത്ഷാ എത്തി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. എന്നാൽ, ആര് വരണം ആര് പോകണമെന്ന് നിങ്ങളല്ല തീരുമാനിക്കുന്നതെന്ന് സ്പീക്കർ ഓംബിർല പ്രതിപക്ഷത്തോട് കയർത്തു.
ചർച്ച തുടരേണ്ടതുണ്ടെന്നും ചർച്ചക്ക് താൽപര്യമില്ലെങ്കിൽ സഭ പിരിയാമെന്നും സ്പീക്കർ വ്യക്തമാക്കി. ഇന്ന് രാജ്യസഭയും പ്രക്ഷുബ്ധമായിരുന്നു.
തുടർന്ന് ഉച്ചയ്ക്ക് 2 മണിവരെ രാജ്യസഭ നിർത്തിവെച്ചു. സിപിഎം ഓഫീസിൽ പോലീസ് കയറിയത് ചോദ്യം ചെയ്ത് ബ്രിട്ടാസ് രംഗത്തെത്തി.
ഐഷി ഘോഷിനെതിരായ വിഷയം അദ്ദേഹം രാജ്യസഭയിൽ ഉന്നയിച്ചു. സിപിഎം ആസ്ഥാനത്തെ പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷം പാർലമെന്റിൽ ഒറ്റക്കെട്ടായി പ്രതിഷേധിച്ചുവെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ അടക്കം ഈ വിഷയം അവതരിപ്പിച്ചു. ടിഎംസി, ജെഎംഎം അടക്കം പുറത്തെ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നും സൻസദ് ടിവിയിൽ പ്രതിഷേധം കാണിക്കാതെ ഇരുന്നത്തുകൊണ്ട് സമരങ്ങളുടെ വേലിയേറ്റം ഇല്ലാതാവില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
പൊലീസ് നടപടിയെ വിമർശിച്ച് മല്ലികാർജുൻ ഖർഗെയും രംഗത്തെത്തി. ഒരു രാഷ്ട്രീയ പാർട്ടിയുടെ ദേശീയ ആസ്ഥാനത്തുണ്ടായ നടപടി ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ജനാധിപത്യവും ജനങ്ങളും സംരക്ഷിക്കപ്പെടുന്നില്ലെന്നും സിപിഎം ഓഫീസിൽ കയറിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ഖർഗെ ആവശ്യപ്പെട്ടു.
എന്നാൽ, ബ്രിട്ടാസിനെതിരെ മന്ത്രി ജെ.പി. നദ്ദ രംഗത്തെത്തി.
അടിയന്തരാവസ്ഥക്കാലത്ത് തന്നെ ക്ലാസ് മുറിയിൽ നിന്ന് അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ടുണ്ടെന്ന് നദ്ദ പറഞ്ഞു. പൊലീസിന്റേത് സാധാരണ നടപടിക്രമമെന്നും നദ്ദ ന്യായീകരിച്ചു.
രാജ്യസഭയിലെ ക്യാമറയിൽ തന്നെ കാണിക്കാത്തത് ചോദ്യം ചെയ്ത് ബ്രിട്ടാസ് വീണ്ടും രംഗത്തെത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

