ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പൊലീസും കെഎസ്യു പ്രവർത്തകർക്ക് നേരെ നടത്തിയ ആക്രമണത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ, പഴയങ്ങാടിയിലെ സമാനമായ ആക്രമണ സംഭവവും വീണ്ടും ചർച്ചയാവുകയാണ്. മാടായിപ്പാറ പാളയം ഗ്രൗണ്ടിലെ നവകേരള സദസ്സ് കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്ക് നേരെ നടന്ന മർദനമാണ് വീണ്ടും ശ്രദ്ധയാകർഷിക്കുന്നത്.
ഹെൽമറ്റ്, ചെടിച്ചട്ടി, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ച് നടത്തിയ ഈ ആക്രമണത്തിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാൽ, കെഎസ്യു നേതാവ് സഞ്ചു സന്തോഷ് എന്നിവർ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തിൽ ജില്ലാ സെക്രട്ടറി മഹിത മോഹൻ, നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ പുത്തൻപുരയിൽ, സായി ശരൺ എന്നിവർക്കും പരുക്കേറ്റിരുന്നു.
ഈ സംഭവത്തെ ന്യായീകരിച്ചുകൊണ്ട്, അത് “ജീവൻരക്ഷാപ്രവർത്തനമായിരുന്നു” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംസ്ഥാനത്ത് ഈ രീതിയിലുള്ള ആദ്യത്തെ ‘ജീവൻരക്ഷാ’ പ്രവർത്തനത്തിന് ഇരകളായവരാണ് ഇവർ.
നിലവിൽ ഈ കേസ് കോടതിയിൽ വിചാരണ ഘട്ടത്തിലാണ്. സംഭവവുമായി ബന്ധപ്പെട്ട് 14 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ഇതിൽ എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. അതേസമയം, മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കളായ അഞ്ച് പേർക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

