കോഴിക്കോട് ജില്ലയിൽ പ്രകൃതിക്ഷോഭത്തെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച അറുനൂറിലേറെ കുടുംബങ്ങൾ, രണ്ട് വർഷം പിന്നിട്ടിട്ടും സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാതെ പ്രതിസന്ധിയിൽ. വീടുകളുടെയും റോഡുകളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചതോടെ ഈ കുടുംബങ്ങളുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ ഭരണകൂടം, വിവിധ മന്ത്രിതലങ്ങൾ എന്നിവിടങ്ങളിൽ നിരന്തരം പരാതികൾ സമർപ്പിച്ചിട്ടും ഫണ്ട് അനുവദിക്കുന്നതിൽ ഗുരുതരമായ കാലതാമസമാണ് നേരിടുന്നത്. 2024 ജൂൺ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ജില്ലയിലെ 600-ലേറെ പേർക്കായി 12 കോടി രൂപയാണ് ദുരിതാശ്വാസ ഫണ്ടിൽ നിന്നും അനുവദിക്കാനുള്ളത്.
കൃഷിനാശം സംഭവിച്ചവരും വീടുകൾ ഭാഗികമായും പൂർണമായും നഷ്ടപ്പെട്ടവരും ഇപ്പോഴും അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. മുൻ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി തുക വിതരണം ചെയ്യുന്നതിനായുള്ള നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ ജില്ലാ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഇത് സംബന്ധിച്ച കണക്കുകൾ സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് വേളയിൽ ഫണ്ട് പാസായതായി ദുരന്ത നിവാരണ വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചെങ്കിലും പ്രായോഗികമായി തുക കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിൽ ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയും നിലവിൽ അസ്ഥാനത്തായിരിക്കുകയാണ്. ഈ വിഷയത്തിൽ കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥർ റിമൈൻഡർ റിപ്പോർട്ട് വീണ്ടും ബന്ധപ്പെട്ട
വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. പുതിയ മന്ത്രിസഭ അധികാരമേറ്റ സാഹചര്യത്തിൽ ഫണ്ട് അടിയന്തരമായി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും ദുരിതബാധിതരും.
ഫണ്ട് ലഭിക്കാത്തതിനാൽ പല അടിയന്തര പ്രവൃത്തികളും കരാറുകാർ സ്വന്തം നിലയിൽ പൂർത്തിയാക്കിയിരുന്നുവെങ്കിലും ഇവർക്കും പ്രതിഫലം ലഭിച്ചിട്ടില്ല. റോഡ് പുനർനിർമ്മാണം, വീടുകളുടെ അറ്റകുറ്റപ്പണി, കൃഷിനാശം, മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം, പുനരധിവാസം എന്നിവയ്ക്കാണ് അടിയന്തരമായി ഫണ്ട് ആവശ്യമുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

