മാനന്തവാടി നഗരസഭാ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായി, ഇതിനകം തന്നെ വൈദ്യുതി, കുടിവെള്ള കണക്ഷനുകൾ നഗരസഭ വിച്ഛേദിച്ചിരുന്നു.
ബസ് സ്റ്റാൻഡിൽ പ്രവർത്തിച്ചിരുന്ന മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഇന്നലെയോടെ പ്രവർത്തനം നിർത്തി സാധനങ്ങൾ പൂർണമായും മാറ്റിയിട്ടുണ്ട്. 18.8 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം പൊളിച്ചുനീക്കുന്നതിനായി നഗരസഭ കരാർ നൽകിയിരിക്കുന്നത്.
ഒരു മാസത്തെ കാലാവധിക്കുള്ളിൽ പൊളിച്ചുനീക്കൽ നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കോഴിക്കോട് റോഡിൽ താൽക്കാലിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കും.
ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി, കെഎസ്ആർടിസി ബസുകൾ താഴെയങ്ങാടിയിൽ നിന്ന് സർവീസ് ആരംഭിക്കും. മാനന്തവാടി നഗരത്തിലെത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്ത ശേഷം ബസുകൾ വീണ്ടും താഴെയങ്ങാടിയിലേക്ക് മടങ്ങും.
സ്വകാര്യ ബസുകൾക്കും കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം താഴെയങ്ങാടിയിൽ പാർക്കിങ് സൗകര്യം ഒരുക്കും. തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ആളുകളെ കയറ്റേണ്ട
സമയത്ത് മാത്രം സ്വകാര്യ ബസുകൾ നഗരത്തിലേക്ക് പ്രവേശിച്ചാൽ മതിയാകും. പഴയ കെട്ടിടം പൂർണമായി നീക്കം ചെയ്താലുടൻ പുതുക്കിയ ഡിപിആർ പ്രകാരമുള്ള പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ആരംഭിക്കും.
15 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടം ഒരു വർഷംകൊണ്ട് പൂർത്തീകരിക്കുമെന്ന് നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

