കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജ്യാന്തര മനുഷ്യക്കച്ചവട സംഘം മലയാളി യുവതികളെ മോഡലിങ് വാഗ്ദാനം നൽകി വിദേശത്തേക്ക് കടത്തിയതായി കണ്ടെത്തൽ.
ഇത്തരത്തിൽ വിദേശത്തേക്ക് കൊണ്ടുപോയ യുവതികളിൽ പലരും ക്രൂരമായ പീഡനത്തിന് ഇരകളായെന്നും, ചിലർ കൊല്ലപ്പെട്ടതായി സംശയമുണ്ടെന്നും രക്ഷപ്പെട്ടു മടങ്ങിയെത്തിയവർ മൊഴി നൽകി. കേസിൽ തിരുവനന്തപുരം പോങ്ങുവിള സ്വദേശി അലീന ഏബ്രഹാം (29), ഗുരുവായൂർ സ്വദേശി സ്റ്റോയ്സി (സിന്ധു–56), പൊന്നാനി സ്വദേശി മഞ്ജിമ (25) എന്നിവർ അറസ്റ്റിലായിട്ടുണ്ട്.
അലീനയുടെ പങ്കാളിയായ കുപ്രസിദ്ധ ഗുണ്ടയ്ക്കായി അന്വേഷണ സംഘം ഊർജിതമായി തിരച്ചിൽ തുടരുകയാണ്. ഇയാൾക്ക് ദേശവിരുദ്ധ സ്വഭാവമുള്ള വിദേശ ഏജൻസികളുമായി ബന്ധമുണ്ടെന്ന വിവരമാണ് കേസിൽ നിർണായക വഴിത്തിരിവായത്.
ഇതേതുടർന്ന് ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ ഹവാല മാർഗ്ഗത്തിലൂടെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തുള്ള മറ്റ് രണ്ട് മലയാളികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ദുബായിൽ ബ്യൂട്ടി പാർലറിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിക്കൊണ്ടുപോയ യുവതി നൽകിയ പരാതിയാണ് കേസന്വേഷണത്തിൽ നിർണ്ണായകമായത്.
ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് പരാതിക്കാരിയുടെ മൊഴി ഇങ്ങനെ: ‘‘ദുബായിൽ എത്തിയ ഉടൻ ഒരു ഫ്ലാറ്റിലേക്കാണ് കൊണ്ടുപോയത്. അവിടെ എന്നെപ്പോലെ എട്ടോളം പെൺകുട്ടികൾ ഉണ്ടായിരുന്നു.
സ്റ്റോയ്സിയുടെ (സിന്ധു) നേതൃത്വത്തിൽ ഫോണും പാസ്പോർട്ടും വാങ്ങിവച്ചു. തുടർന്ന് ഒരു ക്ലയന്റ് കാണാൻ വരുമെന്ന് അറിയിക്കുകയായിരുന്നു.
ഇത് എതിർത്ത എന്നെ മർദിച്ചു, ലഹരി വസ്തു കുടിപ്പിച്ചു. ബോധരഹിതയായപ്പോൾ കൂട്ടബലാത്സംഗം െചയ്ത് ദൃശ്യങ്ങൾ ചിത്രീകരിച്ചു.
ഈ ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. അസന്മാർഗിക ജീവിതം നയിക്കുകയാണെന്നു പറഞ്ഞ് വീട്ടിലേക്ക് നഗ്നചിത്രങ്ങൾ അയച്ചുകൊടുത്തു.
ഫ്ലാറ്റിൽ നിന്നു പുറത്തുകടക്കാൻ മാർഗമില്ലായിരുന്നു. ഒരു മാസത്തോളം നീണ്ട
പീഡനത്തിനൊടുവിൽ ഒരു ബന്ധുവിന്റെ സഹായത്തോടെ രക്ഷപ്പെട്ടു.’’ പൊലീസ് നടത്തിയ റെയ്ഡിൽ ഇരുപതിലധികം യുവതികളുടെ ഗ്ലാമർ ചിത്രങ്ങളും വിദേശ ബന്ധങ്ങൾ വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകളും ഫോണുകളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ബാങ്ക് രേഖകളും വിശദമായി പരിശോധിക്കും.
സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഡിസിപി അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ എറണാകുളം എസിപി കെ.ജി.സുരേഷാണ് കേസ് അന്വേഷിക്കുന്നത്. മരട് എസ്എച്ച്ഒ അബ്ദുൽ മനാഫും അന്വേഷണ സംഘത്തിലുണ്ട്.
കൂടുതൽ പരാതികളും അറസ്റ്റുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇരകളെ തിരിച്ചറിയാനും മൊഴിയെടുക്കാനും വനിത ഉദ്യോഗസ്ഥരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

