കൂത്തുപറമ്പ് കണ്ണവത്ത് ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കണ്ണവം പോലീസ് സ്റ്റേഷന് സമീപം ടയർ കട
നടത്തിവന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയായ സിനിമാ നടൻ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
പേരാവൂരിൽ നിന്ന് കണ്ണവം ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കാർ പോലീസ് സ്റ്റേഷന് സമീപത്തെ ക്യാമറ പോസ്റ്റിലും ഇടിച്ചാണ് നിന്നത്.
അപകടത്തിന്റെ ആഘാതത്തിൽ ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ഉടൻ തന്നെ പോലീസ് വാഹനങ്ങളിലടക്കം നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒരേ പ്രദേശവാസികളായ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ദിവസവും ചായ കുടിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും ഇവർ ഒരുമിച്ച് സമയം ചെലവഴിച്ചിരുന്നു.
ഇസ്മായിലിന്റെ സിനിമാ ജീവിതത്തിലെ നേട്ടങ്ങളിലും പ്രയാസങ്ങളിലും ബാബുവിന്റെ പിന്തുണയുണ്ടായിരുന്നു. കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇസ്മായിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായിരുന്നു.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. തുടർന്ന് കണ്ണവത്ത് പൊതുദർശനത്തിന് വെക്കും.
ഇസ്മായിലിന്റെ മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോടെ വെളുമ്പത്ത് മഖാമിലും, ബാബുവിന്റേത് വലിയവെളിച്ചം ശാന്തിവനത്തിലും സംസ്കരിക്കും. കണ്ണവം സ്വദേശിയായ ഇസ്മായിൽ പരേതരായ ആയിഷയുടെയും അബ്ദുറഹ്മാന്റെയും മകനാണ്.
ഭാര്യ സാജിത; മക്കൾ മുഹമ്മദ് റസൽ, റാഷിദ്. മങ്ങാടൻ വാസുവിന്റെയും കമലയുടെയും മകനാണ് സജീഷ്.
ഭാര്യ പ്രസീത; മക്കൾ അനു സജീഷ്, ആരോമൽ.

