തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് വി.ഡി.സതീശൻ നേതൃത്വം നൽകുന്ന മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ക്യാപ്റ്റൻ സതീശൻ ഉൾപ്പെടെ 21 മന്ത്രിമാരാണ് ഇന്ന് ചുമതലയേൽക്കുന്നത്.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനായി വൻ ജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാവിലെ 7 മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും.
കൃത്യം 9 മണിക്ക് സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ അടയ്ക്കും. ഉന്നത നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
സെഡ് പ്ലസ് സുരക്ഷയുള്ള നേതാക്കൾ എത്തുന്ന സാഹചര്യത്തിൽ, നഗരത്തിലും സ്റ്റേഡിയത്തിലുമായി 3,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. വിഐപികളുടെ ഗതാഗതത്തിനായി രാവിലെ 6 മണി മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ നിലവിൽ വരും.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവർ ഇന്ന് രാവിലെ 9 മണിക്ക് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ രാവിലെ ചടങ്ങിൽ സന്നിഹിതനാകും.
കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ.രേവന്ത് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിങ് സുഖു തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ജനത്തിരക്ക് വർധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് സ്റ്റേഡിയത്തിൽ മൂന്ന് പന്തലുകളിലായി 15,000 ഇരിപ്പിടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഗാലറിയിൽ ഇരിക്കാൻ സൗകര്യമൊരുക്കിയതിനൊപ്പം മഴ കണക്കിലെടുത്ത് മേൽക്കൂരകളും സ്ഥാപിച്ചിട്ടുണ്ട്. പത്തുവർഷത്തെ ഇടവേളയ്ക്കുശേഷം യുഡിഎഫ് സർക്കാർ അധികാരത്തിലേറുന്നതിന്റെ ആവേശത്തിലാണ് കോൺഗ്രസ് പ്രവർത്തകർ.
മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ മധുരപലഹാര വിതരണവും, ചടങ്ങ് തത്സമയം കാണുന്നതിനായി കൂറ്റൻ സ്ക്രീനുകളും ക്രമീകരിച്ചിട്ടുണ്ട്. പ്രവർത്തകർക്കായി പ്രത്യേക യാത്രാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

