ഉയർന്ന രക്തസമ്മർദ്ദത്തെ പലപ്പോഴും ഹൃദയസംബന്ധമായ പ്രശ്നങ്ങളോടു മാത്രമാണ് ബന്ധപ്പെടുത്താറുള്ളത്. എന്നാൽ, ഇത് വൃക്കകളിൽ രൂപപ്പെടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെ ആദ്യ സൂചനയാകാമെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വൃക്കരോഗങ്ങൾ പലപ്പോഴും പുറമേ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ നിശബ്ദമായാണ് ശരീരത്തിൽ പുരോഗമിക്കുന്നത്. അതിനാൽ, രക്തസമ്മർദ്ദത്തിലെ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നത് വൃക്കകളുടെ സുരക്ഷ ഉറപ്പാക്കാൻ അത്യന്താപേക്ഷിതമാണ്.
ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനപ്പുറം, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ വൃക്കകൾ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിലെ ദ്രാവകങ്ങളുടെ അളവ് കൃത്യമായി പരിപാലിക്കുന്നതും, രക്തസമ്മർദ്ദം സന്തുലിതമായി നിലനിർത്താൻ ആവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതും വൃക്കകളാണ്.
പ്രമേഹം, അണുബാധകൾ, ജനിതകപരമായ കാരണങ്ങൾ എന്നിവ മൂലം വൃക്കകൾക്ക് ക്ഷതമേൽക്കുമ്പോൾ അവയുടെ പ്രവർത്തനം മന്ദഗതിയിലാകുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. ഇത് രക്തസമ്മർദ്ദം ക്രമാതീതമായി ഉയരാൻ കാരണമാകുന്നു.
നോയിഡയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ നെഫ്രോളജി ആൻഡ് കിഡ്നി ട്രാൻസ്പ്ലാൻറ് മെഡിസിൻ ഡയറക്ടർ ഡോ. അനുജ പോർവാൾ ഇക്കാര്യത്തിൽ വ്യക്തമായ മുന്നറിയിപ്പ് നൽകുന്നു.
“ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും ഒരു പതിവ് പ്രശ്നമായി അവഗണിക്കപ്പെടുന്നുവെന്നും എന്നാൽ അത് വൃക്കകളുടെ തകരാറിലേക്ക് വിരൽ ചൂണ്ടുന്നുണ്ടാകാമെന്നും” ഡോ. അനുജ പോർവാൾ വ്യക്തമാക്കി.
പ്രത്യേകിച്ച് 30 വയസ്സിന് താഴെയുള്ളവരിൽ പെട്ടെന്നുണ്ടാകുന്ന രക്താതിമർദ്ദം അതീവ ശ്രദ്ധ അർഹിക്കുന്ന ഒന്നാണ്. വ്യക്തമായ കാരണങ്ങളില്ലാതെ ചെറുപ്പക്കാരിൽ രക്തസമ്മർദ്ദം ഉയരുന്നത് വൃക്കയുമായി ബന്ധപ്പെട്ട
അസുഖങ്ങളുടെ ലക്ഷണമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. റീനൽ ആർട്ടി സ്റ്റിനോസിസ് പോലുള്ള വൃക്കയിലേക്കുള്ള രക്തക്കുഴലുകൾ ചുരുങ്ങുന്ന അവസ്ഥകൾ നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലുള്ള രക്തസമ്മർദ്ദത്തിന് വഴിവെക്കുന്നു.
കൂടാതെ, സ്ഥായിയായ വൃക്കസ്തംഭനം ബാധിച്ചവരിൽ ഉയർന്ന രക്തസമ്മർദ്ദം സാധാരണമാണ്. മൂത്രത്തിലുണ്ടാകുന്ന പത, മുഖത്തും കാലിലുമുണ്ടാകുന്ന നീര് എന്നിവ വൃക്കരോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങളായി കണക്കാക്കാം.
ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വൈകാതെ തന്നെ വിദഗ്ധ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

