കേരളത്തിന്റെ പതിനാറാം മന്ത്രിസഭയിലേക്ക് മണ്ണാർക്കാട് എംഎൽഎ അഡ്വ. എൻ.
ഷംസുദ്ദീൻ എത്തുമ്പോൾ, അദ്ദേഹത്തിന്റെ ജന്മനാടായ തിരൂർ വലിയ ആവേശത്തിലാണ്. നാലാം തവണയും മണ്ണാർക്കാടിന്റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട
വേളയിലാണ് അപ്രതീക്ഷിതമായി അദ്ദേഹത്തെ തേടി മന്ത്രിസ്ഥാനം എത്തുന്നത്. കായികരംഗത്ത് ഫുട്ബോളിനോടുള്ള അടങ്ങാത്ത അഭിനിവേശം കാത്തുസൂക്ഷിക്കുന്ന 57 കാരനായ എൻ.
ഷംസുദ്ദീൻ, കുട്ടിക്കാലം മുതൽക്കേ പൊതുപ്രവർത്തനത്തിൽ സജീവമായിരുന്നു. പറവണ്ണ സർക്കാർ സ്കൂൾ ലീഡറായി പൊതുരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി കൗൺസിൽ അംഗം, സെനറ്റ് അംഗം എന്നീ നിലകളിൽ തന്റെ സംഘടനാപാടവം തെളിയിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്ത് വർഷമായി മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിക്കുന്നു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായാണ് പാർലമെന്ററി രംഗത്ത് അദ്ദേഹം തുടക്കം കുറിച്ചത്.
2011-ൽ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരൂരിൽ നിന്ന് മണ്ണാർക്കാട്ടേക്ക് എത്തിയപ്പോൾ ചില കോണുകളിൽ നിന്ന് ‘വരത്തൻ’ എന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ, 2016-ലും 2021-ലും മികച്ച ഭൂരിപക്ഷത്തോടെ വിജയം ആവർത്തിച്ചതോടെ മണ്ണാർക്കാടിന്റെ വികസന നായകനായി അദ്ദേഹം മാറി.
മണ്ണാർക്കാട്ടെ പൊതുപരിപാടികളിലും മതപരമായ ചടങ്ങുകളിലും സജീവ സാന്നിധ്യമായ അദ്ദേഹം, കാൽ ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ തവണ വിജയിച്ചത്. ബികോം, എൽഎൽബി ബിരുദധാരിയായ എൻ.
ഷംസുദ്ദീന്റെ ഭരണപരിചയം പുതിയ ഉത്തരവാദിത്തം നിറവേറ്റാൻ അദ്ദേഹത്തിന് കരുത്തേകുമെന്നാണ് വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

