കൊട്ടാരക്കര മുക്കോണി മുക്കിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ നിർണായക കണ്ടെത്തലുകളുമായി മോട്ടർ വാഹന വകുപ്പ്. അപകടം നടക്കുന്ന സമയത്ത് ലോറി ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും വാഹനം അമിതവേഗതയിലായിരുന്നെന്നുമാണ് വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അപകടത്തിന് ഏഴു സെക്കൻഡ് മുൻപ് തുടങ്ങി 55 സെക്കൻഡ് നേരം ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. പൊലീസിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും സഹായത്തോടെ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
23നു രാവിലെ 7.11നാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം അരങ്ങേറിയത്. അമ്പലക്കര ഭാഗത്തുനിന്നുള്ള കുത്തനെയുള്ള ഇറക്കത്തിലൂടെ 56 കിലോമീറ്റർ വേഗതയിലാണ് ടിപ്പർ പാഞ്ഞെത്തിയത്.
സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം വളവുകളും ഇറക്കവുമുള്ള ഈ കവലയിൽ വാഹനത്തിന്റെ വേഗത 10 കിലോമീറ്ററിൽ താഴെയായിരിക്കണം. എന്നാൽ, നിയന്ത്രണം വിട്ട
ലോറി ഇടത് വശത്തേക്ക് തിരിയുന്നതിന് പകരം, യാത്രക്കാർ നിൽക്കുകയായിരുന്ന ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ എട്ടുപേർക്ക് പരിക്കേൽക്കുകയും ഒരു വിദ്യാർഥി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയും ചെയ്യുന്നു.
ലോറിയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് സംവിധാനം പരിശോധിച്ചതിൽ നിന്ന് ഗുരുതരമായ ക്രമക്കേടുകളും പുറത്തുവന്നു. ജിപിഎസ് നെറ്റ്വർക്കുമായി ബന്ധിപ്പിക്കാതെയാണ് വാഹനം സർവീസ് നടത്തിയിരുന്നത്.
കൂടാതെ, ഡ്രൈവർക്ക് ഹെവി വെഹിക്കിൾ ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണം ഇഴയുകയാണെന്ന ആക്ഷേപം ശക്തമാണ്.
അപകടത്തിൽപ്പെട്ട ഡ്രൈവർ ചികിത്സയിലാണെങ്കിലും, സംഭവത്തിൽ പങ്കാളികളായ മറ്റ് പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
മണ്ണെടുപ്പ് മാഫിയകളുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. അപകടസമയത്ത് മണ്ണുമായി അമിത വേഗതയിൽ എത്തിയ ലോറിക്ക് പിന്നാലെ സമാനമായ രീതിയിൽ അഞ്ച് ടിപ്പറുകൾ കൂടി ഉണ്ടായിരുന്നതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.
മണ്ണ് മാഫിയകൾ വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വിവരങ്ങൾ കൈമാറി പൊലീസ് പരിശോധനകളെ മറികടക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ട്. കൊട്ടാരക്കര നഗരസഭ വീട് നിർമാണത്തിന് നൽകിയ പാസിന്റെ മറവിലാണ് മണ്ണ് കടത്ത് നടന്നിരുന്നത്.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

