ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ കൈക്കൂലി, വഞ്ചനക്കേസുകൾ ഒത്തുതീർപ്പാക്കുന്നതിന് യുഎസ് സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. നിലവിലുള്ള ക്രിമിനൽ കുറ്റങ്ങൾ പൂർണമായും ഒഴിവാക്കാൻ ഇതിലൂടെ സാധിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇന്ത്യയിലെ വൻകിട സൗരോർജ പദ്ധതികൾക്കായി കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയ വിവരം മറച്ചുവെച്ച് യുഎസിലെ നിക്ഷേപകരെ വഞ്ചിച്ചുവെന്നതാണ് അദാനിക്കെതിരെയുള്ള പ്രധാന ആരോപണം.
കേസുമായി ബന്ധപ്പെട്ട് 60 ലക്ഷം യുഎസ് ഡോളർ (ഏകദേശം 57 കോടി രൂപ) പിഴയൊടുക്കാൻ ഗൗതം അദാനിയും, 1.2 കോടി ഡോളർ പിഴയായി നൽകാൻ അനന്തരവൻ സാഗർ അദാനിയും സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ഈ ഒത്തുതീർപ്പ് കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലല്ല എന്നത് ശ്രദ്ധേയമാണ്.
2024 അവസാനത്തോടെയാണ് ഗൗതം അദാനിക്കും സാഗർ അദാനിക്കുമെതിരെ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ വഞ്ചനക്കുറ്റത്തിന് കേസെടുത്തത്. ഒത്തുതീർപ്പ് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി.
യുഎസിന് പൂർണമായും ലാഭകരവും ഇന്ത്യയ്ക്ക് ദോഷകരവുമായ വ്യാപാരക്കരാറിന് പ്രധാനമന്ത്രി എന്തിനാണ് വേഗത്തിൽ അംഗീകാരം നൽകിയതെന്ന് ഇപ്പോൾ വ്യക്തമായതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. പ്രധാനമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമാണ് രാഹുൽ ഗാന്ധിയും ഉന്നയിച്ചത്.
‘അധികാരക്കസേരയ്ക്കായി രാജ്യതാൽപര്യം പണയപ്പെടുത്തിയ പ്രധാനമന്ത്രി യുഎസുമായി ഒപ്പുവച്ചത് ഒരു വ്യാപാരക്കരാറല്ല, മറിച്ച് അദാനിയുടെ മോചനത്തിനു വേണ്ടിയുള്ള വിലപേശലായിരുന്നു’ – രാഹുൽ ഗാന്ധി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

