ഫെബ്രുവരി 28-ന് ടെഹ്റാനിലെ ഓഫിസ് സമുച്ചയത്തിനു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതോടെ രാജ്യത്ത് അതീവ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നീണ്ട
നാളത്തെ നിരീക്ഷണത്തിനൊടുവിൽ യുഎസ്–ഇസ്രയേൽ സംയുക്തമായി നടത്തിയ ആക്രമണത്തിൽ ഖമനയിയുടെ മകൾ സഹ്റ ഹദ്ദാദ് ആദിൽ, ഭർത്താവ് മിസ്ബാഹ് അൽ ഹുദ ബഗേരി എന്നിവരും കുടുംബാംഗങ്ങളും ഉന്നത സൈനിക നേതൃത്വവും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഖമനയിയുടെ മകനായ മുജ്തബ ഖമനയി പുതിയ പിൻഗാമിയായി അധികാരമേറ്റെങ്കിലും, ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.
അദ്ദേഹത്തിന്റെ ശബ്ദ സന്ദേശങ്ങൾ പോലും പുറത്തുവരാത്തത് അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. മുജ്തബ ഒളിവിലാണെന്നും, അതല്ല ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേലും യുഎസും അദ്ദേഹത്തെ ലക്ഷ്യമിടുന്നതിനാൽ അതീവ സുരക്ഷയുള്ള രഹസ്യ കേന്ദ്രത്തിലാണ് മുജ്തബ കഴിയുന്നതെന്നാണ് മറ്റൊരു നിഗമനം. അദ്ദേഹത്തിന്റെ താമസസ്ഥലം കണ്ടെത്തുന്നതിനായി യുഎസ്–ഇസ്രയേൽ ചാരസംഘടനകൾ വ്യാപകമായ തിരച്ചിൽ നടത്തുന്നുണ്ട്.
അടുത്തിടെ നടന്ന സംസ്കാരച്ചടങ്ങിൽ മേയ്സം, മസൂദ്, മുസ്തഫ എന്നീ മൂന്ന് മക്കൾ പങ്കെടുത്തുവെങ്കിലും, മുജ്തബ ഖമനയിയുടെ അസാന്നിധ്യം വലിയ ചർച്ചകൾക്ക് തിരികൊളുത്തി. ഇദ്ദേഹത്തിന്റെ വിവരങ്ങൾ പുറത്തുവിടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്ന ആശങ്കയിലാണ് ഇറാൻ അധികൃതർ.
രഹസ്യദൂതന്മാർ വഴി അതീവ രഹസ്യമായാണ് സന്ദേശങ്ങൾ കൈമാറുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ യുഎസ് മാധ്യമങ്ങളോട് പ്രതികരിക്കവേ, ഇറാനിലെ നിലവിലെ സാഹചര്യം മുതലെടുക്കാൻ സാധിക്കുമെന്നും എന്നാൽ ചർച്ചകൾക്കായി ഒരു നേതൃത്വം ആവശ്യമുള്ളതുകൊണ്ടാണ് തൽക്കാലം പിന്മാറുന്നതെന്നും ട്രംപ് സൂചിപ്പിച്ചു.
ഇറാൻ-യുഎസ് സമാധാന കരാർ അന്തിമമാകുന്നതുവരെ മുജ്തബ പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കാനാണ് സാധ്യത. വ്യാഴാഴ്ച നടക്കാനിരിക്കുന്ന സംസ്കാര ചടങ്ങുകളിൽ മുജ്തബ പങ്കെടുക്കുമോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

