എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിലെ വിചാരണ നടപടികൾ നിർണായക ഘട്ടത്തിലേക്ക്.
കേസിലെ ആദ്യ 16 പ്രതികളെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. തങ്ങൾക്കെതിരെ ചുമത്തപ്പെട്ട
കുറ്റങ്ങൾ ചെയ്തിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് പ്രതികൾ കുറ്റം നിഷേധിക്കുന്നതായി മറുപടി നൽകി. പ്രതികൾ കുറ്റം നിഷേധിച്ച സാഹചര്യത്തിൽ, കേസ് ഈ മാസം 24-ലേക്ക് മാറ്റി.
വിചാരണ നടപടികളുടെ തുടക്കം സംബന്ധിച്ച ഔദ്യോഗിക തീരുമാനം അന്നേദിവസം കോടതി സ്വീകരിക്കും. കേസുമായി ബന്ധപ്പെട്ട
അന്വേഷണ ഉദ്യോഗസ്ഥർ പ്രോസിക്യൂഷൻ മൊഴി രേഖപ്പെടുത്തിയവരിൽ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടാത്തവരുടെ വിവരങ്ങൾ ലഭ്യമാക്കാനും, മറ്റ് അനുബന്ധ തെളിവുകൾ ഹാജരാക്കാനും കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. ദീർഘകാലമായി മന്ദഗതിയിലായിരുന്ന വിചാരണ നടപടികൾക്ക് ഈ നടപടികളോടെ പുനരുജ്ജീവൻ ലഭിച്ചിരിക്കുകയാണ്.
നേരത്തെ, കേസിലെ പ്രധാനപ്പെട്ട ചില രേഖകൾ കാണാതായത് വലിയ നിയമപരമായ തർക്കങ്ങൾക്ക് വഴിവച്ചിരുന്നു.
വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിൽ, നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിചാരണ വേഗത്തിലാക്കാൻ കോടതി നിർദേശം നൽകി.
കുറ്റപത്രം തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി മുഹമ്മദ് നൽകിയ ഹർജിയും, മറ്റ് ആറ് പ്രതികളുടെ വിടുതൽ ഹർജികളും കോടതി നേരത്തെ തള്ളിയിരുന്നു. സംഭവ പശ്ചാത്തലം
2018 ജൂലൈ രണ്ടിനാണ് ഇടുക്കി വട്ടവട
സ്വദേശിയും മഹാരാജാസ് കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിയുമായ അഭിമന്യു ക്യാംപസിനുള്ളിൽ വെച്ച് അക്രമികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. തുടർന്ന് 2018 സെപ്റ്റംബർ 26-ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും, തുടർന്നുണ്ടായ വിവിധ നിയമ തടസ്സങ്ങളും രേഖകൾ നഷ്ടപ്പെട്ടതടക്കമുള്ള സംഭവങ്ങളും വിചാരണാ നടപടികൾക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

