ഉയർന്ന ജീവിതച്ചെലവും യാത്രാദുരിതങ്ങളും കൊണ്ട് ശ്രദ്ധേയമായ ബെംഗളൂരു നഗരത്തിൽ, ഒരു സ്വകാര്യ കിന്റർഗാർട്ടൻ അധ്യാപികയ്ക്ക് ലഭിക്കുന്ന തുച്ഛമായ ശമ്പളത്തെക്കുറിച്ചുള്ള വാർത്ത വലിയ ചർച്ചയാകുന്നു. നഗരത്തിലെ സ്കൂൾ ഫീസുകൾ കുതിച്ചുയരുമ്പോഴും അധ്യാപകർക്ക് ലഭിക്കുന്ന വേതനം പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടി യുവാവ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
മുഹമ്മദ് നൗസത്ത് എന്ന ഉപയോക്താവാണ് തൻ്റെ ബന്ധുവായ അധ്യാപികയുടെ ദുരവസ്ഥ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവന്നത്. “എൻ്റെ അനിയത്തിക്ക് പ്ലേസ്കൂൾ അല്ലെങ്കിൽ കിൻ്റർഗാർട്ടൻ അധ്യാപികയായി ജോലി ലഭിച്ചു, ബെംഗളൂരുവിൽ അവർക്ക് പ്രതിമാസം 6,000 രൂപ ശമ്പളം ലഭിക്കും.
സ്കൂൾ ഫീസ് കുതിച്ചുയരുമ്പോൾ, അധ്യാപകരുടെ ശമ്പളം കുത്തനെ ഇടിയുന്നു. ഒരു മെട്രോ നഗരത്തിൽ പ്രതിമാസം 6,000 രൂപയിൽ താഴെ വരുമാനത്തിൽ എങ്ങനെ ജീവിക്കാൻ കഴിയും ?” എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.
2026 ജൂലൈ 5-നാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. ഈ വിഷയം പുറത്തുവന്നതോടെ നിരവധിപേർ പ്രതിഷേധവുമായി രംഗത്തെത്തി.
ഒരു മെട്രോ നഗരത്തിൽ ഈ തുകയ്ക്ക് ജീവിക്കാൻ സാധിക്കില്ലെന്നും അധ്യാപികയുടെ സേവനത്തിന് അനുസരിച്ചുള്ള വേതനം ഉറപ്പാക്കണമെന്നും പലരും ആവശ്യപ്പെടുന്നു. ചില ഉപയോക്താക്കൾ നഗരത്തിലെ ജീവിതച്ചെലവുകളെ പരിഹസിച്ച് കമൻ്റുകൾ രേഖപ്പെടുത്തി.
“സർക്കാർ പറയുന്നതനുസരിച്ച്, 6,000 രൂപയിൽ വാടകയ്ക്ക് 1,000, കുട്ടികളുടെ വിദ്യാഭ്യാസത്തിന് 1,000 , വൈദ്യുതിക്കും വെള്ളത്തിനും 500, പച്ചക്കറികൾക്ക് 1,000 എന്നിവ നൽകാം. ബെംഗളൂരുവിൽ യാത്ര സൗജന്യമായിരിക്കാം, 1,000 രൂപ അങ്ങനെ ലാഭിക്കാം, ബാക്കി തുക കൊണ്ട് പുറത്ത് ഭക്ഷണം കഴിക്കുന്നത് ആസ്വദിക്കാം.
അവൾ പൊരുത്തപ്പെടണം, ഒരിക്കലും പരാതിപ്പെടരുത്, അല്ലെങ്കിൽ അവൾക്ക് ജോലി നഷ്ടപ്പെടും” എന്നിങ്ങനെ പോകുന്നു പരിഹാസരൂപേണയുള്ള പ്രതികരണങ്ങൾ. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ നിർണ്ണായക പങ്ക് വഹിക്കുന്ന അധ്യാപകർക്ക് മാന്യമായ വേതനം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും, നിലവിലെ സാഹചര്യം വിദ്യാഭ്യാസ മേഖലയിലെ വലിയൊരു വീഴ്ചയാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

