ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ സമാജ്വാദി പാർട്ടി എംപി അജേന്ദ്ര സിങ് ലോധിക്കെതിരെ ഉത്തർ പ്രദേശ് പൊലീസ് കേസെടുത്തു. ബിജെപി നേതാവ് സത്യേന്ദ്ര പ്രതാപ് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഹോബ ജില്ലയിലെ കോട്ട്വാലി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ഉപയോഗം കുറയ്ക്കാനും സ്വർണമടക്കം വാങ്ങുന്നത് നിയന്ത്രിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനെതിരെയായിരുന്നു അജേന്ദ്ര സിങ് ലോധി രംഗത്തെത്തിയത്. ഹാമിർപുർ-മഹോബ മണ്ഡലത്തിലെ എംപിയായ അജേന്ദ്ര സിങ് ലോധി, പാർട്ടി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ പ്രധാനമന്ത്രിയെ ‘ദേശവിരുദ്ധനായ പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തിന്റെ വിദേശയാത്രകളെ ചോദ്യം ചെയ്യുകയും ചെയ്തു.
രാജ്യം ഇതുപോലൊരു നേതാവിനെ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചിരുന്നു. എംപിയുടെ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
ബിജെപി വക്താവ് സാംബിത് പത്ര സോഷ്യൽ മീഡിയയിൽ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്: “प्रधानमंत्री मोदी जी के लिए सपा सांसद अजेंद्र सिंह लोधी ने जिस अशोभनीय और निंदनीय शब्दों का प्रयोग किया है वह अत्यंत शर्मनाक है।सपा सांसद की यह टिप्पणी उनके पार्टी के संस्कार और विचार को दर्शाता है।” ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാട് സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. എംപിയുടെ പരാമർശം ജനാധിപത്യ മൂല്യങ്ങളോടുള്ള അധിക്ഷേപമാണെന്നും പൊറുക്കാനാവാത്തതാണെന്നും അദ്ദേഹം പ്രതികരിച്ചു.
കേന്ദ്രമന്ത്രിയും ഉത്തർ പ്രദേശ് ബിജെപി അധ്യക്ഷനുമായ പങ്കജ് ചൗധരി, അജേന്ദ്ര സിങ് ലോധിയെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ടു. ഇവർക്ക് പുറമെ ബിജെപി നേതാക്കളായ ഷഹ്സാദ് പൂനവല്ല, ഷലഭ് മണി ത്രിപാഠി എംഎൽഎ തുടങ്ങിയവരും എംപിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

