ഒരുകാലത്ത് ലോകമെമ്പാടും കോളനികൾ സ്ഥാപിച്ചിരുന്ന ബ്രിട്ടന്റെ സമുദ്രവ്യാപാര മേഖലയിൽ നിർണായക ചുവടുവെപ്പുമായി ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് രംഗത്ത്. ബ്രിട്ടനിലെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്റർമാരിൽ ഒന്നായ അസോഷ്യേറ്റഡ് ബ്രിട്ടിഷ് പോർട്സിന്റെ (എബിപി) ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാൻ കമ്പനി ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട്.
ആഗോളതലത്തിൽ തുറമുഖ ശൃംഖലയുടെ വ്യാപ്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, എബിപിയുടെ ഏകദേശം 63.9 ശതമാനം ഓഹരികൾ സ്വന്തമാക്കാനാണ് അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ ലക്ഷ്യമിടുന്നത്.
നിലവിൽ രണ്ട് കനേഡിയൻ പെൻഷൻ ഫണ്ടുകളുടെ ഉടമസ്ഥതയിലുള്ള ഈ ഓഹരികൾ വിറ്റഴിക്കുന്നതിനായി അവർ ഇതിനോടകം തന്നെ ബാങ്കർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. യുകെയിലെ പ്രധാന ഭാഗങ്ങളായ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 21 തുറമുഖങ്ങൾ എബിപിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.
രാജ്യത്തിന്റെ മൊത്തത്തിലുള്ള സമുദ്രവ്യാപാരത്തിന്റെ നാലിലൊന്ന് ഭാഗവും അതായത് 25 ശതമാനത്തോളം കൈകാര്യം ചെയ്യുന്നത് എബിപിയുടെ ഈ തുറമുഖങ്ങൾ വഴിയാണ്. ഇന്ത്യയിൽ മാത്രം 15 തുറമുഖങ്ങൾ സ്വന്തമായുള്ള അദാനി ഗ്രൂപ്പിന്, ഇസ്രയേൽ, ശ്രീലങ്ക, ഓസ്ട്രേലിയ, ടാൻസനിയ തുടങ്ങിയ രാജ്യങ്ങളിലും അന്താരാഷ്ട്ര തുറമുഖങ്ങളുടെ നടത്തിപ്പിൽ പങ്കാളിത്തമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

