മലയാള ചലച്ചിത്ര രംഗത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമായ ‘ഉന്മാദം’ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. പ്രമുഖ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലെല്ലാം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വരുന്ന ജൂലൈ 31-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിലേതായി മുൻപ് പുറത്തിറങ്ങിയ ‘അകലെ…’, ‘എറുന്നോ…’ എന്നീ ഗാനങ്ങൾ സിനിമാ പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
തികച്ചും വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങൾ കോർത്തിണക്കി പുറത്തിറക്കിയ ട്രെയിലറും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ ഈ ചിത്രം സംവിധാനം ചെയ്യുന്നത് പ്രമുഖ എഡിറ്റർമാരിൽ ഒരാളായ കിരൺ ദാസ് ആണ്.
അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തീർത്തും വേറിട്ടൊരു പൊലീസ് കഥാപാത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ എത്തുന്നത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഒരു സ്റ്റേഷനിൽ അന്ധവിശ്വാസവുമായി ബന്ധപ്പെട്ട, തൊട്ടാൽ പ്രശ്നമാകുന്ന ഒരു ഫയലിന് പിന്നാലെ നായക കഥാപാത്രം നീങ്ങുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. ദേശീയ പുരസ്കാര ജേതാവായ ഷാഹി കബീർ ‘ഓഫീസർ ഓൺ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ, ജിജോയ് രാജഗോപാൽ, ഗോകുലൻ, അരുൺ ചെറുകാവിൽ, ഉണ്ണി ലാലു, ഷാജു ശ്രീധർ, കൃഷ്ണപ്രഭ, കിരൺ പീതാംബരൻ, വിഷ്ണു, റെയ്ന രാധാകൃഷ്ണൻ, സിജോയ് വർഗീസ്, വിഘ്നേശ്വർ സുരേഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ടി-സീരീസും പനോരമ സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്.
മികച്ച എഡിറ്റർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ‘ഇഷ്ക്’ എന്ന ചിത്രത്തിലൂടെ സ്വന്തമാക്കിയ കിരൺ ദാസ്, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി, മൂത്തോൻ, രോമാഞ്ചം, റോഷാക്ക്, ജോസഫ്, ഇലവീഴാ പൂഞ്ചിറ തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുള്ളയാളാണ്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ‘ഉന്മാദം’ നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്.
റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമ്മാതാക്കളും അഭിനവ് മെഹ്റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ: ഛായാഗ്രഹണം – അർജുൻ സേതു, എഡിറ്റർ – കിരൺ ദാസ്, സംഗീതം – മുജീബ് മജീദ്, പ്രൊഡക്ഷൻ ഡിസൈനർ – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – ഗായത്രി കിഷോർ, മേക്കപ്പ് – റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ജിതിൻ ജോസഫ്, വിഎഫ്എക്സ് – എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവട്ടത്ത്, അസോസിയേറ്റ് പ്രൊഡ്യൂസർ – കമലേഷ് കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനോദ് രാഘവൻ, സ്റ്റിൽസ് – നന്ദു ഗോപാലകൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ് – ഓൾഡ്മോങ്ക്സ്, പിആർഒ – ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

