കോഴിക്കോട് നഗരഹൃദയത്തിൽ സാംസ്കാരിക കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് പൊളിച്ചുനീക്കിയ ടഗോർ ഹാളിന്റെ സ്ഥലം ഇപ്പോൾ മാലിന്യകേന്ദ്രമായി മാറി. മൾട്ടിപ്ലക്സ് തിയറ്റർ ഉൾപ്പെടെയുള്ള സാംസ്കാരിക സമുച്ചയം പണിയാനായി ഹാൾ പൊളിച്ചുമാറ്റിയിട്ട് ഒരു വർഷം പിന്നിട്ടിട്ടും നിർമാണ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല.
പദ്ധതിക്കുള്ള ഫണ്ട് ലഭ്യമാക്കുന്നതിൽ വന്ന കാലതാമസമാണ് നിർമാണം അനിശ്ചിതത്വത്തിലാക്കിയത്. 1973 ഡിസംബറിലാണ് രണ്ടു സിനിമ പ്രൊജക്ടറുകളും വലിയ വെള്ളിത്തിരയും ശബ്ദസംവിധാനവുമുള്ള ഹാൾ ഉദ്ഘാടനം ചെയ്തത്.
അക്കാലത്ത് കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നിർമിച്ചത്. ചോർന്നൊലിക്കാൻ തുടങ്ങിയതോടെയാണ് ഫിറ്റ്നസ് കാലാവധി കഴിഞ്ഞ ഹാൾ കോർപറേഷൻ പൊളിച്ചു പണിയാൻ തീരുമാനിച്ചത്.
2023ൽ ഹാൾ അടച്ചിടുകയും 2025ൽ പൊളിക്കുകയുമായിരുന്നു. 67.75 കോടി രൂപ ചെലവിൽ ബുക് ഷോപ്പ്, മൾട്ടിപ്ലക്സ് തിയറ്റർ, കോഫി ഷോപ്പ് എന്നിവയടങ്ങിയ 3 നില കെട്ടിടമാണ് പണിയാനുദ്ദേശിച്ചത്.
2000 പേർക്ക് ഇരിക്കാവുന്ന പ്രധാന ഹാൾ, 150 പേർക്ക് ഇരിക്കാവുന്ന മിനി ഹാൾ, ആധുനിക ദൃശ്യ– ശ്രവ്യ സംവിധാനങ്ങൾ, 500 പേർക്കുള്ള ഡൈനിങ് ഹാൾ എന്നിവയും ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെട്ടിടം പൊളിച്ച് ഒരു വർഷം കഴിഞ്ഞിട്ടും പുതിയ കോംപ്ലക്സിന്റെ നിർമാണം അനിശ്ചിതത്വത്തിലാണ്.
കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെന്റ് ഫിനാൻസ് കോർപറേഷനിൽ (കെയുആർഡിഎഫ്സി) നിന്ന് 49 കോടി രൂപ വായ്പ എടുക്കാൻ സർക്കാർ അനുമതിയായിട്ടുണ്ടെങ്കിലും നിർമാണം എന്നു തുടങ്ങുമെന്ന് വ്യക്തതയില്ല. സ്വകാര്യ ഏജൻസിയിൽ നിന്ന് 60 കോടിയോളം കടമെടുക്കാനും കോർപറേഷൻ ശ്രമിക്കുന്നുണ്ട്.
പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതിക അനുമതി ലഭിക്കാത്തതിനാൽ ടെൻഡർ നടപടികൾ വൈകുകയാണ്. പഴയ ഹാൾ നിന്നിരുന്ന സ്ഥലത്ത് പുതിയ കെട്ടിടത്തിന് ഇതുവരെ തറക്കല്ലിട്ടിട്ടില്ല.
നിലവിൽ കോർപറേഷൻ നടപ്പാക്കിവരുന്ന അഴക് പദ്ധതിയുടെ ഭാഗമായി മാലിന്യം ശേഖരിക്കാൻ നഗരത്തിൽ സ്ഥാപിച്ച കണ്ടെയ്നറുകൾ നിറഞ്ഞതോടെ ഇവിടെ മാലിന്യ ചാക്കുകൾ കൂട്ടിയിട്ടുണ്ട്. കോർപറേഷന്റെ ഉപയോഗശൂന്യമായ വാഹനങ്ങൾ, മറ്റ് ആക്രി സാധനങ്ങൾ തുടങ്ങിയവയുമുണ്ട്.
മാലിന്യം ശേഖരിക്കുന്ന 6 ഏജൻസികളുടെ തൊഴിലാളികൾ തിരഞ്ഞെടുപ്പിന് കൂട്ടമായി നാട്ടിലേക്ക് പോയതിനാൽ മാലിന്യം എടുക്കുന്നത് നിലച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

