ലഹരി മാഫിയകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി തയ്യാറാക്കിയ ഡെയ്ഞ്ചറസ് വൈബ് എന്ന ചലച്ചിത്രം നിയമസഭാംഗങ്ങൾക്കായി പ്രദർശിപ്പിക്കുന്നു. ജൂൺ 29 തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് നിയമസഭ ഹാളിലാണ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.
കേരള മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും ഉൾപ്പെടെയുള്ള 140 എംഎൽഎമാരും പ്രദർശനത്തിൽ പങ്കാളികളാകും. ഫൈസൽ ഹുസൈൻ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം, ലഹരി വിപത്തിനെതിരെ സംസ്ഥാന സർക്കാർ നടത്തിവരുന്ന ഓപ്പറേഷൻ തൂഫാൻ എന്ന ഉദ്യമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഒരുക്കിയിരിക്കുന്നത്.
ലഹരി മാഫിയയ്ക്കെതിരെ സഹദേവൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ നടത്തുന്ന പോരാട്ടങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ സസ്പെൻസ് ത്രില്ലർ, ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് നിർമ്മിച്ചിരിക്കുന്നത്. നേരത്തെ കോഴിക്കോട് എആർസി കോറണേഷൻ തിയറ്ററിൽ ചിത്രത്തിന്റെ പ്രിവ്യൂ ഷോ വിജയകരമായി നടന്നിരുന്നു.
അപ്പുണ്ണി ശശി, ജയരാജ് കോഴിക്കോട് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെക്കൂടാതെ അൻഷി, പാണാലി ജുനൈസ്, അർഷദ്, ഹരിത്ത്, ഇന്ദിര, ഫൈജു, അശോകൻ വളയം, ഷംസു വെള്ളിപറമ്പ്, സലാം ലെൻസ് വ്യൂ, പ്രൊഫ.
രാജശേഖരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
നൂറിലധികം കലാകാരന്മാർ അണിനിരക്കുന്ന 40 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സ്കൂളുകളിലും കോളേജുകളിലും, ആഭ്യന്തര-സാംസ്കാരിക വകുപ്പുകളുടെ പിന്തുണയോടെ സംസ്ഥാന വ്യാപകമായും പ്രദർശിപ്പിക്കാൻ അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നു. ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർ:
ക്യാമറ: പ്രബീഷ് ലിൻസി
തിരക്കഥ: റിയാസ് പെരുംമ്പടവ്
എഡിറ്റിംഗ്: ഫൈസൽ ഹുസൈൻ
സംഗീതം: സിമ്പു സുകുമാരൻ (വരികൾ: നെവിൽ ജോർജ്)
പ്രോജക്റ്റ് കോഡിനേറ്റർ: സലാം ലെൻസ് വ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

