കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ വിഭാഗത്തിൽ ജീവൻരക്ഷാ മരുന്നുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. കീമോതെറപ്പി ഉൾപ്പെടെയുള്ള അടിയന്തര ചികിത്സകൾക്കായി എത്തുന്ന രോഗികൾക്ക് മരുന്നുകൾ ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വാർഷിക ആവശ്യത്തിനായി ഏകദേശം 7 കോടി രൂപയുടെ കാൻസർ മരുന്നുകളാണ് ഈ വിഭാഗത്തിൽ വേണ്ടിവരുന്നത്. എന്നാൽ, ഏപ്രിൽ ഒന്നുമുതൽ ആശുപത്രിയിലെ മരുന്ന് സ്റ്റോറിൽ പുതിയ സ്റ്റോക്കുകൾ എത്തിയിട്ടില്ല.
കഴിഞ്ഞ വർഷത്തെ മിച്ചം വന്ന മരുന്നുകൾ ഏപ്രിൽ പകുതിയോടെ പൂർണ്ണമായും തീർന്നതായി അധികൃതരും സ്ഥിരീകരിക്കുന്നു. മരുന്ന് വിതരണക്കാർക്ക് നൽകാനുള്ള കുടിശിക തുക കെട്ടിക്കിടക്കുന്നതും സർക്കാർ ടെൻഡർ നടപടികളിലെ സാങ്കേതിക തടസ്സങ്ങളുമാണ് മരുന്നുകൾ എത്താതിരിക്കാൻ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
വിതരണം പുനരാരംഭിക്കാൻ ഇനിയും മാസങ്ങൾ വേണ്ടിവരുമെന്ന ആശങ്കയിലാണ് രോഗികൾ. ദിവസേന 100 മുതൽ 120 വരെ രോഗികളാണ് കീമോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്കായി ഇവിടെയെത്തുന്നത്.
ഇതിൽ 70 മുതൽ 90 ശതമാനം വരെ ആളുകൾ ഇൻഷുറൻസ് ആനുകൂല്യത്തിൽ ചികിത്സ തേടുന്നവരാണ്. നിലവിൽ ഇൻഷുറൻസ് പരിധിയിലുള്ള സ്റ്റോറുകളിലും മരുന്നുകൾ ലഭ്യമല്ലാത്തത് രോഗികളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.
ആശുപത്രി വളപ്പിലുള്ള കാരുണ്യ ഫാർമസിയിലെ സീറോ പ്രോഫിറ്റ് കൗണ്ടറുകളിലും മരുന്നുകൾ ലഭ്യമല്ല. ഇതിൽ അസ്വാഭാവികമായ ഇടപെടലുകൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നു.
ഈ പ്രതിസന്ധി സംബന്ധിച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ടി.ജി.
തോമസ് ജേക്കബ് പ്രതികരിച്ചത് ഇങ്ങനെ: “മരുന്നുകൾ ഇല്ലാത്തത് ശ്രദ്ധയിൽപെട്ടു. പരിശോധിക്കും.” മരുന്നുകളുടെ അമിത വിലയും വിപണിയിലെ ചൂഷണവും രോഗികൾക്ക് ഇരട്ടി പ്രഹരമാവുകയാണ്.
സെടുക്സിമാബ് (100 എംഎൽ) പോലുള്ള മരുന്നുകൾക്ക് കമ്പനികൾ അമിത എംആർപി രേഖപ്പെടുത്തിയാണ് വിപണിയിലെത്തിക്കുന്നത്. ഇൻഷുറൻസ് തുക ലഭിക്കാനുള്ളതിനാൽ പല സഹകരണ സ്റ്റോറുകളും മരുന്ന് സ്റ്റോക്ക് ചെയ്യുന്നത് നിർത്തിയിരിക്കുകയാണ്.
ബെവാസിസുമാബ്, ട്രാസ്റ്റുസുമാബ് തുടങ്ങിയ മരുന്നുകൾക്ക് യഥാർത്ഥ വിലയേക്കാൾ പലമടങ്ങ് തുകയാണ് കമ്പനികൾ ഈടാക്കുന്നത്. കമ്പനികളെ സഹായിക്കുന്നതിനായി ചില ഇടനിലക്കാർ രോഗികളെ പ്രത്യേക മെഡിക്കൽ സ്റ്റോറുകളിലേക്ക് നിർബന്ധപൂർവ്വം പറഞ്ഞുവിടുന്നതായും പരാതിയുണ്ട്.
സർക്കാർ അടിയന്തരമായി ഇടപെട്ട് മരുന്ന് വിതരണം സുഗമമാക്കണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും കൂട്ടായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

