കോട്ടയം∙ കുമരകം ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബ്ബും നാഷനൽ സർവീസ് സ്കീമും ഇലക്ട്രറൽ ലിറ്ററസി ക്ലബ്ബും സംയുക്തമായി ലോക മാതൃദിനം ആചരിച്ചു. 1908ൽ അമേരിക്കയിലെ വെസ്റ്റ് വെർജീനിയയിലെ അന്ന ജാർവിസ് തന്റെ അമ്മയുടെ സ്മരണാർഥം തന്റെ മാതാവിനെ ആദരിച്ചതിലൂടെയാണ് ഈ ദിനത്തിന് പ്രാധാന്യം കൈവന്നത്.
ഇന്ത്യ ഉൾപ്പെടെ നാൽപ്പതിലധികം രാജ്യങ്ങളിൽ എല്ലാവർഷവും മേയ് രണ്ടാം ഞായറാഴ്ചയാണ് ലോക മാതൃദിനമായി ആചരിച്ചു വരുന്നത്. കുമരകം ഗവൺമെന്റ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നാൽപ്പതിലേറെ വർഷമായി കുട്ടികൾക്ക് ഭക്ഷണം തയാറാക്കി നൽകുന്ന ഓമന അമ്മയെ മാതൃ ദിനത്തിൽ കുട്ടികൾ ആദരിച്ചു.
ആയിരക്കണക്കിന് കുട്ടികൾക്ക് ആഹാരം നൽകിയ കൈകളാണ് ഓമനാമ്മയുടേത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താൻ അന്നമൂട്ടിയ വിദ്യാർഥികൾ ജോലി ചെയ്യുന്നുണ്ടെന്ന് ഓമന പറഞ്ഞു. ഇടയ്ക്ക് ആ കുട്ടികൾ തന്നെ കാണുന്നതിനായി സ്കൂളിൽ എത്താറുണ്ട്.
അവർ വരുമ്പോൾ ആഹാരം നൽകിയാണ് യാത്രയാക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.
ആദ്യകാലത്ത് കഞ്ഞിയും പയറും ആയിരുന്നെങ്കിൽ ഇപ്പോൾ ചോറും രണ്ടു കൂട്ടം കറികളും അച്ചാറും അടങ്ങിയ വിഭവ സമൃദ്ധമായ ഉച്ച ഊണാണ് നൽകുന്നത്. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പാലും, ബുധനാഴ്ച മുട്ടയും നൽകുന്നുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്തിലെ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായ പി.കെ.വൈശാഖിന്റെ ഇടപെടലിനെ തുടർന്ന് ഫെബ്രുവരി മാസം മുതൽ യുപി സ്കൂൾ വിഭാഗത്തിൽ പ്രഭാത ഭക്ഷണം എല്ലാവർക്കും ലഭിക്കുന്നുണ്ട്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സ്കൂൾ പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.സത്യൻ, അധ്യാപകരായ കെ.ആർ.സജ്ജയൻ, കെ.രവി കണ്ണൻ, ആശ ബോസ്സ്, ഷൈനി, പിടിഎ ഭാരവാഹിയായ വിജയകുമാർ, വിദ്യാർഥികളായ പ്രഭാത് സജ്ജയൻ, രോഹിത് സുഗേഷ്, കാർത്തിക് സുഗേഷ്, പ്രഭിത് സജ്ജയൻ, അദ്രി വിജയകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

