പ്രമുഖ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ നായികയാകുന്ന പുതിയ ചിത്രം ‘തുടക്കം’ എന്ന സിനിമയുടെ ഔദ്യോഗിക സക്സസ് ട്രെയ്ലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയത്തിലേക്ക് ചുവടുവെക്കുന്നു എന്ന പ്രത്യേകതയോടെയെത്തിയ ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലും എത്തിയത് പ്രേക്ഷകർക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.
ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചിത്രം ഇതിനോടകം തന്നെ നിർണ്ണായകമായ സാമ്പത്തിക നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിന്റെ കണക്കുപ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 41 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.
ഇതിൽ ഇന്ത്യയിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ 25 കോടി രൂപയും വിദേശ വിപണികളിൽ നിന്നുള്ള നേട്ടം 16 കോടി രൂപയുമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഈ മാസം ഏഴാം തീയതിയാണ് തിയറ്ററുകളിലെത്തിയത്.
ദേശീയ തലത്തിൽ ശ്രദ്ധ നേടിയ ‘2018’ എന്ന വൻ വിജയ ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും സിനിമാ ലോകത്ത് വലിയ പ്രതീക്ഷകളാണ് ഉയർത്തിയിരുന്നത്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ആശിഷിന്റെ പ്രകടനത്തിനും തിയറ്ററുകളിൽ നിന്നും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഡോ.
എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയും ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി പ്രവർത്തിച്ചിരിക്കുന്നു.
ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം: ജേക്സ് ബിജോയ്, ഛായാഗ്രഹണം: ജോമോൻ ടി ജോൺ, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ: സന്തോഷ് രാമൻ, മേക്കപ്പ്: ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു തോമസ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
റിലീസ് ചെയ്ത ആദ്യ ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം പിന്നീട് സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

