തൃക്കരിപ്പൂർ ∙ ബിജെപി തന്നെ തോൽപിക്കാൻ ഏറെ പരിശ്രമിച്ചെന്നും എന്നാൽ ലീഗ് സ്വന്തം സ്ഥാനാർഥിയെ പോലെ കൊണ്ടു നടന്നാണ് ജയിപ്പിപ്പിച്ചതെന്നും തൃക്കരിപ്പൂരിലെ നിയുക്ത കോൺഗ്രസ് എംഎൽഎ സന്ദീപ് വാരിയർ. തുടക്കത്തിൽ തന്റെ സ്ഥാനാർഥിത്വം തള്ളിക്കാനായിരുന്നു ബിജെപി ശ്രമം.
ഇതിനാൽ ബിജെപിയുടെ സംസ്ഥാന ലീഗൽ സെല്ലിൽ നിന്ന് ഒരു സംഘം തന്നെ തൃക്കരിപ്പൂരിലെത്തി. പഴയ കേസുകളൊക്കെ ഉയർത്തിക്കാണിച്ചും അതു നാമനിർദേശപത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നു സ്ഥാപിക്കാനുമൊക്കെ ഈ സംഘം ശ്രമിച്ചു.
പത്രിക തള്ളാതെ വന്നതോടെ വോട്ട് മറിച്ച് പരാജയപ്പെടുത്താനായി ശ്രമം. എന്നാൽ അതും വിലപ്പോയില്ല.
കഴിഞ്ഞ തവണ 10000 വോട്ട് ഉണ്ടായിരുന്ന ബിജെപിക്ക് ഇത്തവണ 7000 വോട്ടാണ് മണ്ഡലത്തിൽ ലഭിച്ചത്. സജീവ ബിജെപി അല്ലാത്തവരും എന്നാൽ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യുന്നവരുമായ ഒരു വിഭാഗത്തിന്റെ വോട്ട് കൂടി എനിക്ക് കിട്ടിയതോടെ ബിജെപി ആകെ നിരാശയിലായിരിക്കുകയാണ്.കോൺഗ്രസ് പാർട്ടിയാണ് സ്ഥാനാർഥിയായി തന്നെ തൃക്കരിപ്പൂരിലേക്ക് നിയോഗിച്ചതെങ്കിലും അതിൽ മുസ്ലിം ലീഗിന്റെ ഇടപെടൽ കൂടിയുണ്ടായിരുന്നു.
ലീഗ് അവരുടെ സ്വന്തം സ്ഥാനാർഥിയെ പോലെ എന്നെ ഏറ്റെടുത്തു. പ്രചാരണത്തിനെത്തിയപ്പോഴും പാണക്കാട് സാദിഖലി തങ്ങൾ, മുനവ്വറലി തങ്ങൾ അടക്കമുള്ള ലീഗ് നേതാക്കളെല്ലാം ഇവിടെ എത്തി.
കോൺഗ്രസിനൊപ്പം എറ്റവും നല്ല രീതിയിലാണ് ലീഗ് എനിക്കായി ഇവിടെ പ്രവർത്തിച്ചത്. അതിനു പ്രത്യേക നന്ദിയുണ്ട് – സന്ദീപ് വാരിയർ മലയാള മനോരമയോട് പറഞ്ഞു.
∙സിപിഎമ്മിന്റെ വനിതകളും യുവാക്കളും വോട്ട് ചെയ്തു
സിപിഎമ്മിലെ വനിതകളുടെയും യുവാക്കളുടെയും വോട്ടാണ് എനിക്ക് ലഭിച്ചത്. മുതിർന്നവർ ഉറച്ച ചില രാഷ്ട്രീയ നിലപാടുള്ളവരാവും.
അതിനാൽ അവരുടെ വോട്ട് പെട്ടെന്ന് മറിയില്ലെന്ന് ധാരണയുണ്ടായിരുന്നു. അതിനാൽ യുവാക്കളെയും സ്ത്രീകളെയും കേന്ദ്രീകരിച്ചാണ് കൂടുതലും ക്യാംപെയ്ൻ നടത്തിയിരുന്നത്.
∙തൃക്കരിപ്പൂരിൽ താമസിക്കും, 2 ഓഫിസ് തുറക്കും
തൃക്കരിപ്പൂരിലും മലയോരത്തുമായി രണ്ട് ഓഫിസുകൾ തുറക്കും.
ഉടനെ തൃക്കരിപ്പൂരിലേക്കു താമസം മാറും. വീടു കണ്ടെത്തിത്തരാൻ പാർട്ടിയോട് നിർദേശിച്ചിട്ടുണ്ട്.
∙നടത്തിയത് ഡേറ്റ വച്ചുള്ള പ്രവർത്തനം
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂൾ അടക്കം ഉപയോഗിച്ചാണ് സമയപരിമിതി കാരണം മണ്ഡലത്തെ കുറിച്ച് പഠിച്ചതും ഡേറ്റ ശേഖരിച്ചതും.
യുഡിഎഫിന് ബാനറും പോസ്റ്ററും സ്ഥാപിക്കാനും ബൂത്തിൽ ഏജന്റിനെ നിർത്താനും പോലും അനുവാദമില്ലാതിരുന്ന കയ്യൂർ ചീമേനി, പിലിക്കോട് പാർട്ടി ഗ്രമങ്ങളിലേക്കും ഇത്തവണ കയറിച്ചെന്നു. പാർട്ടി വോട്ടുകൾ കൂടി ലഭിച്ചതിനാലാണ് 2024 ലോക്സഭാ തിരഞ്ഞെടുപ്പിനേക്കാൾ 10000 വോട്ടും 2021 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 25000 വോട്ടും അധികം നേടാനായത്.
യുദ്ധ പ്രതിസന്ധി കാരണം ഗൾഫിൽ നിന്നുള്ള വോട്ടർമാർ എത്താതിരുന്ന സാഹചര്യം ഇല്ലാതിരുന്നെങ്കിൽ ഭൂരിപക്ഷം ഇതിലും കൂടിയേനെ.
∙വിജയത്തിനു ശേഷമുള്ള അക്രമങ്ങൾ
എളുപ്പത്തിൽ ജയിച്ചു കയറാമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഇവിടെ സിപിഎം, പക്ഷേ അപ്രതീക്ഷിത തിരിച്ചടിയിൽ ഞെട്ടിയിരിക്കയാണ് അവർ. അതിന്റെ ഇച്ഛാഭംഗമാണ് സിപിഎമ്മിന്.
രാഷ്ട്രീയം നോക്കാതെ പ്രവർത്തിക്കുന്ന എംഎൽഎ ആകണമെന്നാണ് ആഗ്രഹം. പക്ഷേ അക്രമ രാഷ്ട്രീയത്തിന്റെ വഴി അവർ സ്വീകരിച്ചാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

