പിറവം ∙ ജീവിതത്തിൽ ആദ്യമായി വിമാനയാത്രയും ബെംഗളൂരു സന്ദർശനവും നടത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ഇന്നലെ രാവിലെ രാമമംഗലത്തു നിന്നു കുടുംബശ്രീ അംഗങ്ങൾ യാത്ര പുറപ്പെട്ടത്. വൈകിട്ട് ദുരന്ത വാർത്തയും പിന്നാലെ മരണവും സ്ഥിരീകരിച്ചതോടെ നാട്ടിലെങ്ങും ദുഃഖം നിറഞ്ഞു.
വിനോദ യാത്രയുടെ ഓരോ ഘട്ടങ്ങളും സഞ്ചാര കേന്ദ്രങ്ങളും ഇവർ ഫോണിൽ സ്റ്റാറ്റസായും വാട്സാപ് സന്ദേശങ്ങളായും ബന്ധുക്കൾക്കും സഹ പ്രവർത്തകർക്കും അയച്ചു നൽകിയിരുന്നു.
അപകടത്തിനു മുൻപു ശക്തമായ മഴ പെയ്യുന്നതിന്റെ ലക്ഷണങ്ങളും പങ്കു വച്ചിരുന്നു. വൈകിട്ട് കുടുംബശ്രീ മുൻ അധ്യക്ഷ ഷീബ യോഹന്നാന്റെ ഫോണിലേക്കാണു ദുരന്ത വാർത്ത എത്തിയത്.
ഇവർ വിവരം പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജുവിനെ അറിയിച്ചു.
പിന്നാലെ നാട്ടിലെങ്ങും ദുരന്ത വാർത്ത പരന്നു. വിവരമറിഞ്ഞു നാട്ടുകാരും ബന്ധുക്കളും പഞ്ചായത്ത് ഓഫിസിലേക്ക് എത്തിയിരുന്നു.വിവരമറിഞ്ഞ് അനൂപ് ജേക്കബ് എംഎൽഎ പ്രതിപക്ഷ നേതാവ് വി.ഡി.
സതീശൻ വഴി കർണാടക ആരോഗ്യ വകുപ്പു മന്ത്രിയുമായും ബന്ധപ്പെട്ടു.
മതിലിടിഞ്ഞ് ബെംഗളൂരുവിൽ രണ്ട് കുടുംബശ്രീ അംഗങ്ങളടക്കം 7 മരണം
ബെംഗളൂരു∙കനത്ത മഴയിൽ ശിവാജിനഗർ ബൗറിങ് ആശുപത്രിയുടെ മതിൽ ഇടിഞ്ഞ് വിനോദയാത്ര സംഘത്തിലെ രണ്ടു മലയാളികളുൾപ്പെടെ 7 പേർ മരിച്ചു. 3 മലയാളികൾ ഉൾപ്പെടെ 7 പേർക്കു പരുക്കേറ്റു.
എറണാകുളം രാമമംഗലം സ്വദേശികളായ തെക്കേഇറമ്പിൽ കിഴുമുറി സ്മിത രഘു (48 ), രാമമംഗലം മനയ്ക്കക്കുടയിൽ ലത (47) എന്നിവരാണു മരിച്ച മലയാളികൾ.
പ്രീതി (51), സിജി (45), മായ(52) എന്നിവർക്കാണു പരുക്കേറ്റത്. കുടുംബശ്രീ യൂണിറ്റിൽ നിന്നുള്ള 56 അംഗ സംഘത്തിലുള്ളവർ പല കൂട്ടങ്ങളായി തിരിഞ്ഞു ശിവാജിനഗർ മാർക്കറ്റിൽ ഷോപ്പിങ് നടത്തുകയായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ മഴയിൽ നിന്നു രക്ഷ നേടാൻ 8 അടിയോളം ഉയരമുള്ള മതിലിനോടു ചേർന്നുനിന്നപ്പോഴാണ് അപകടമുണ്ടായതെന്നാണു സൂചന. രാവിലെ വിമാനത്തിലാണ് ഇവർ ബെംഗളൂരുവിൽ എത്തിയത്.
വഴിയോര കച്ചവടക്കാരാണു മരിച്ച മറ്റുള്ളവർ. പരുക്കേറ്റവരെ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒന്നര മണിക്കൂറോളം നിർത്താതെ പെയ്ത വേനൽ മഴയിൽ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലായി.
ശക്തമായ കാറ്റിൽ റോഡരികിലെ ഒട്ടേറെ മരങ്ങളും ഒടിഞ്ഞു വീണു
സമീപത്തുണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അപകടസ്ഥലം സന്ദർശിച്ചു.
മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
വിശദ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥരോടു നിർദേശിച്ചിട്ടുണ്ട്.
സ്മിതയുടെ ഭർത്താവ്: രഘു.
മക്കൾ: അനാമിക, അരുന്ധതി, ആവണി. ലത അവിവാഹിതയാണ്.
> P 6 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

