പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രൂക്ഷമായ ഇന്ധന പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനിൽ ജനങ്ങൾക്ക് ആശ്വാസമേകാൻ പുതിയ സബ്സിഡി പദ്ധതിയുമായി പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് രംഗത്ത്. രാജ്യത്ത് പെട്രോൾ വില അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിർണായക പ്രഖ്യാപനം.
ലഭ്യതക്കുറവും വിലക്കയറ്റവും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയതോടെയാണ് സർക്കാർ നടപടി. രാജ്യാന്തര ക്രൂഡോയിൽ വിലയുടെ അടിസ്ഥാനത്തിൽ ദിവസേന ഇന്ധനവില പരിഷ്കരിക്കുന്ന രീതിയാണ് പാക്കിസ്ഥാനിൽ നിലവിലുള്ളത്.
ജൂണിൽ ലിറ്ററിന് 299 രൂപയായിരുന്ന പെട്രോൾ വില നിലവിൽ 390 രൂപയായും, 309 രൂപയായിരുന്ന ഡീസൽ വില 425 രൂപയായും വർധിച്ചു. ഇന്ധന വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നതിനിടയിലാണ് സബ്സിഡി പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
ഇരുചക്ര വാഹനങ്ങൾ, ഓട്ടോ റിക്ഷകൾ, 800 സിസി വരെയുള്ള ചെറിയ കാറുകൾ എന്നിവയ്ക്കാണ് പുതിയ പദ്ധതിപ്രകാരം സബ്സിഡി ആനുകൂല്യം ലഭിക്കുക. ഇരുചക്ര വാഹനങ്ങൾക്കും റിക്ഷകൾക്കും പ്രതിമാസം 20 ലിറ്റർ വരെ ക്വാട്ട
അനുവദിക്കും. ഇതിൽ ഓരോ ലിറ്ററിനും 100 രൂപ വീതം സബ്സിഡി ലഭിക്കും.
കാറുകൾക്ക് 30 ലിറ്ററാണ് പ്രതിമാസ ക്വാട്ട. കാറുടമകൾക്കും ലിറ്ററിന് 100 രൂപ നിരക്കിൽ ഇന്ധന സബ്സിഡി ലഭിക്കുന്നതാണ്.
20 വർഷം വരെ പഴക്കമുള്ള ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജനരോഷം തണുപ്പിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.
വാഹന നമ്പറും എൻജിൻ വിശദാംശങ്ങളും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണിൽ നിന്ന് സർക്കാരിന്റെ പ്രത്യേക നമ്പറിലേക്ക് എസ്എംഎസ് അയക്കുമ്പോൾ ഉപയോക്താക്കൾക്ക് ഒരു ഡിജിറ്റൽ കൂപ്പൺ ലഭിക്കും. ഈ കൂപ്പൺ പെട്രോൾ പമ്പുകളിൽ ഹാജരാക്കിയാണ് സബ്സിഡി നിരക്കിൽ ഇന്ധനം വാങ്ങേണ്ടത്.
അതേസമയം, സർക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷിയായ പിടിഐ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് പിടിഐ നേതാക്കൾ സിന്ധ് അസംബ്ലിയിലേക്ക് കഴുതസവാരി നടത്തിയാണ് എത്തിയത്.
ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്ന ഫെഡറൽ സർക്കാരിന്റെ നയങ്ങൾ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുകയാണെന്ന് പിടിഐ നേതാവ് സജ്ജാദ് അലി ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി. സർക്കാരിലെ ഉന്നതരും ഉദ്യോഗസ്ഥരും ആഡംബര ജീവിതം നയിക്കുമ്പോൾ സാധാരണക്കാർ വിലക്കയറ്റത്തിന്റെ ഭാരം ചുമക്കേണ്ടി വരുന്നുവെന്നും ദക്ഷിണേഷ്യയിൽ ഇന്ധനവില ഏറ്റവും ഉയർന്ന നിരക്കിലുള്ളത് പാക്കിസ്ഥാനിലാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ഇന്ധന ഉപഭോഗം ഗണ്യമായി കുറയ്ക്കുന്നതിന്റെ ഭാഗമായി ഷെഹബാസ് ഷെരീഫ് സർക്കാർ മറ്റ് ചില വിചിത്ര നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. അവ താഴെ പറയുന്നവയാണ്:
∙ രാജ്യത്തെ കടകൾ, ഷോപ്പിങ് മാളുകൾ, ചന്തകൾ എന്നിവ രാത്രി 9 മണിക്ക് തന്നെ അടച്ചിടണം.
∙ വിവാഹ സൽക്കാരങ്ങൾ രാത്രി 10 മണിവരെ മാത്രമേ നടത്താവൂ.
ചടങ്ങുകളിൽ ഒറ്റ ഭക്ഷണ വിഭവം മാത്രമേ അതിഥികൾക്ക് വിളമ്പാവൂ.
∙ റസ്റ്റോറന്റുകൾ, കഫേകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവ രാത്രി 11 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കണം. എന്നാൽ ഭക്ഷണത്തിന്റെ പാഴ്സൽ വിതരണത്തിനും ഹോം ഡെലിവറിക്കും ഈ നിയന്ത്രണം ബാധകമല്ല.
∙ സർക്കാർ ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുള്ള പെട്രോൾ അലവൻസ് വരുന്ന മൂന്നു മാസത്തേക്ക് 50 ശതമാനമായി വെട്ടിക്കുറച്ചു.
എന്നാൽ സൈനിക വാഹനങ്ങൾക്ക് ഈ ഇളവ് ബാധകമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

