കോഴിക്കോട് ∙ നഗരപ്രദേശങ്ങളിൽ കൂടിയ വൈദ്യുതി ഉപയോഗം പ്രസരണ – വിതരണ ശൃംഖലയിലെ ഉപകരണങ്ങൾക്ക് കോടികളുടെ നഷ്ടം ഉണ്ടാകുമെന്ന വിലയിരുത്തലിൽ പുലർച്ചെ 2 വരെ വിവിധ ഫീഡറുകളിൽ വൈദ്യുതി നിയന്ത്രണം. മുന്നറിയിപ്പില്ലാതെ വൈദ്യുതി നിലച്ചതോടെ നാട്ടുകാർ സബ്സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചു.
പൊലീസ് ഇടപെട്ടതോടെ വൈദ്യുതി ഓഫ് ചെയ്യില്ലെന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഉറപ്പിൽ പിന്മാറി.
ഇന്നലെ പുലർച്ചെ 3 ന് ആണ് കല്ലായി കെഎസ്ഇബി ഓഫിസിലേക്ക് നാട്ടുകാർ പ്രതിഷേധമായി എത്തിയത്. അടിയന്തര ഘട്ടങ്ങളിൽ വൈകിട്ട് 6 മുതൽ രാത്രി 12 വരെ വിവിധ സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് കെഎസ്ഇബി അറിയിപ്പ് നൽകിയത്.
എന്നാൽ ഇന്നലെ പുലർച്ചെ 1 ന് വൈദ്യുതി നിലച്ചു പിന്നീട് 2 ന് ആണ് പുനഃസ്ഥാപിച്ചത്.
നാട്ടുകാർ പലതവണ കെഎസ്ഇബി ഓഫിസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് നാട്ടുകാർ സംഘടിച്ച് കല്ലായി ഓഫിസിൽ എത്തുകയായിരുന്നു.
തുടർന്ന് പന്നിയങ്കര പൊലീസ് ഇടപെട്ടു. മുന്നറിയിപ്പില്ലാതെ വൈദ്യുതി ഓഫാക്കുന്നത് ഉണ്ടാകില്ലെന്ന് ഓഫിസിലെ ജീവനക്കാർ ഉറപ്പ് നൽകി.
തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
ഒരാഴ്ചയായി പുലർച്ചെ 2 വരെ ഒരേ രീതിയിൽ വൈദ്യുതി ഉപയോഗം നിലനിൽക്കുന്ന സാഹചര്യമാണെന്ന് കെഎസ്ഇബി പ്രസരണ – വിതരണ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. ഉപയോഗം കൂടുന്നതിനാൽ നിലവിലുള്ള ഫീഡറുകളിലെ ഉപകരണങ്ങൾക്ക് നാശം സംഭവിക്കാൻ സാധ്യതയുണ്ട്.
തുടർന്നാണ് ഉപയോഗം കൂടുതലുള്ള വിവിധ ഫീഡറുകളിൽ 25 മിനിറ്റ് ഇടവിട്ട് ഓഫ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരപരിധിയിൽ നല്ലളം, മാങ്കാവ്, വെസ്റ്റ്ഹിൽ, ഗാന്ധിറോഡ്, കുറ്റിക്കാട്ടൂർ, ചേവായൂർ ഫീഡറുകളിൽ ഈ സാഹചര്യമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

