വൈശ്യംഭാഗം ∙ വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്റെ ഭാര്യ ഇന്ദിരയ്ക്ക് (65) പാമ്പുകടിയേറ്റത് വെള്ളിയാഴ്ച ഡോക്ടറെ കണ്ടശേഷം തിരികെ വീട്ടിൽ വന്നപ്പോഴാണ്. വൈകിട്ട് അഞ്ചോടെ വീടിനോടു ചേർന്നുള്ള ശുചിമുറിക്കു മുന്നിൽ വച്ചാണ് ഇന്ദിരയ്ക്കു മൂർഖൻ പാമ്പിന്റെ കടിയേറ്റത്.
15 മിനിറ്റിനുള്ളിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ആന്റിവെനം നൽകിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
വീടിനു സമീപത്തെ പുരയിടത്തിലെ കാടും വഴിയിലേക്കു ചാഞ്ഞു നിന്നിരുന്ന മരങ്ങളും കഴിഞ്ഞ ദിവസം മുറിച്ചു നീക്കിയിരുന്നു. അതിനുശേഷം അവിടെ പാമ്പിനെ കണ്ടിരുന്നു.
അതിന്റെ ദൃശ്യങ്ങൾ ഇന്ദിരയുടെ മകൾ വിഡിയോയിൽ പകർത്തുകയും ചെയ്തു. ഈ സമയം ഇന്ദിരയും ഒപ്പമുണ്ടായിരുന്നു.
സൈക്കിളിൽ നിന്നു വീണ് പരുക്കേറ്റ് വീട്ടിൽ വിശ്രമിക്കുന്ന തന്റെ മകനെ തങ്ങൾ ആശുപത്രിയിൽനിന്നു വന്നശേഷമാണു വീടിനുള്ളിലെ ശുചിമുറിയിൽ കൊണ്ടുപോയതെന്ന് ഇന്ദിരയുടെ മകൾ ദിവ്യ പറഞ്ഞു. ഈ സമയം പുറത്തുള്ള ശുചിമുറിയിൽ പോയതായിരുന്നു ഇന്ദിര.
അവിടെ വച്ചാണു പാമ്പിന്റെ കടിയേറ്റത്.
പാമ്പു കടിച്ച വിവരം വീടിനുള്ളിൽ കയറിവന്ന് ഇന്ദിര ദിവ്യയോടു പറഞ്ഞു. ഉടൻ സോപ്പ് ഉപയോഗിച്ചു കഴുകി കടിയേറ്റ ഭാഗത്തെ രക്തം ഞെക്കി കളഞ്ഞു.
ഇന്ദിര പറഞ്ഞത് അനുസരിച്ചു കടിയേറ്റ ഭാഗത്തിനു മുകളിലായി കെട്ടുകയും ചെയ്തു. തുടർന്നു സമീപവാസിയുടെ വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു.
വാഹനത്തിൽ വരുമ്പോഴും ആശുപത്രിയിൽ എത്തുമ്പോഴും ഇന്ദിരയ്ക്കു കാര്യമായ പ്രശ്നങ്ങൾ ഇല്ലായിരുന്നു. ആശുപത്രിയിലെത്തി ഡോക്ടറോടു പാമ്പുകടിച്ച വിവരം പറഞ്ഞത് ഇന്ദിരയായിരുന്നു.
ഉടൻ രക്തം പരിശോധിക്കാൻ കൊടുത്തു. കടിയേറ്റ് അരമണിക്കൂർ കഴിഞ്ഞപ്പോൾ നില വഷളായി.
രക്തം പരിശോധിച്ച ഫലം വരുന്നതിനു മുൻപായി ഇന്ദിര കുഴഞ്ഞു. ‘‘ശ്വാസം കിട്ടുന്നില്ലെന്ന് എന്നോടു പറഞ്ഞു.
ഉടൻ ഓക്സിജൻ നൽകി തീവ്ര പരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും 9 മണിയോടെ മരണം സംഭവിച്ചു. ഡോക്ടർമാർ പരമാവധി പരിശ്രമിച്ചെങ്കിലും മരുന്നിനോട് പ്രതികരിച്ചില്ല.’’ ദിവ്യ പറഞ്ഞു.
ജീവൻ രക്ഷിക്കാൻ വളർത്തു നായയുടെ ശ്രമം
മുന്നിലുള്ളതു പാമ്പ് ആണെന്നും അങ്ങോട്ടു പോകരുതെന്നും തന്നാൽ ആവും വിധം പറഞ്ഞു മനസ്സിലാക്കാൻ ഷിംബ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
പാമ്പുകടിയേറ്റു മരിച്ച ഇന്ദിരയുടെ വളർത്തു നായയാണു ഷിംബ. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഷിംബയെ വളർത്തിയിരുന്നത്.
വീടിന്റെ വർക്ക് ഏരിയായിലാണ് ഷിംബയെ കെട്ടിയിട്ടിരുന്നത്. ഇന്ദിര വീട്ടിൽ നിന്ന് ഇറങ്ങി വർക്ക് ഏരിയായിലൂടെ നടന്നു ശുചിമുറിയിലേക്കു പോയ സമയം ഷിംബ സാരിയിൽ ഏറെ നേരം കടിച്ചു പിടിച്ചു മുന്നോട്ടു വിടാതിരിക്കാൻ ശ്രമിച്ചു.
ഷിംബയുടെ സ്നേഹ പ്രകടനമാണെന്നു കരുതി മുന്നോട്ടു പോയ ഇന്ദിര പാമ്പിന്റെ മുന്നിലേക്കാണു ചെന്നത്. ഇന്ദിരയുടെ വിയോഗം ഷിംബയെ തളർത്തി.
ഇന്നലെ ആഹാരം കഴിക്കാതെ ഒരേ കിടപ്പായിരുന്നെന്നു വീട്ടുകാർ പറഞ്ഞു.
കൊടിക്കുന്നിൽ സന്ദർശിച്ചു
ഇന്ദിരയുടെ വസതി സന്ദർശിച്ച കൊടിക്കുന്നിൽ സുരേഷ് എംപി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നത് അതീവ ദുഃഖകരമാണെന്ന് എംപി പറഞ്ഞു. എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യമായ ആന്റിവെനം മരുന്നുകളുടെ (എഎസ്വി) മതിയായ സ്റ്റോക്ക് ലഭ്യമാക്കുകയും വിതരണം കാര്യക്ഷമമാക്കുകയും ചെയ്യണം.
ഇന്ദിരയുടെ കുടുംബത്തിന് അടിയന്തര ധനസഹായവും നഷ്ടപരിഹാരവും സർക്കാർ നൽകണമെന്നും എംപി ആവശ്യപ്പെട്ടു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഗോകുൽ ഷാജി ഒപ്പമുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

