ഗാസ: ഇസ്രായേൽ–പാലസ്തീൻ സംഘർഷത്തിനിടെ ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രാദേശിക തെരഞ്ഞെടുപ്പ്. ഇരുപത് വർഷങ്ങൾക്ക് ശേഷം ഗാസയിൽ നടക്കുന്ന ആദ്യത്തെ പ്രാദേശിക വോട്ടെടുപ്പാണ് ഇന്നലെ പൂർത്തിയായത്.
ഏതാണ്ട് 50 ശതമാനം ആളുകൾ സമ്മതി ദാന അവകാശം വിനിയോഗിച്ചു. തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരും എന്നാണ് പ്രതീക്ഷ.
യുദ്ധത്തിന്റെ പരിമിത സാഹചര്യത്തിൽ നിയന്ത്രണങ്ങളോടുകൂടിയുള്ള പ്രചാരണത്തിന് ഒടുവിൽ വാശിയേറിയ വോട്ടെടുപ്പ്. രണ്ട് പതിറ്റാണ്ടിനിപ്പുറം ഗാസ നിവാനികൾ ജനാധിപത്യത്തിന്റെ മഷി അണിഞ്ഞു.
സെൻട്രൽ ഗാസയിലെ ദെയർ അൽ ബലാഹ് മേഖലയിലും വെസ്റ്റ് ബാങ്കിലെ ചില പ്രദേശങ്ങളിലുമാണ് മുൻസിപ്പൽ തെരഞ്ഞെടുപ്പ് നടന്നത്. പാലസ്തീൻ സെൻട്രൽ ഇലക്ഷൻ കമ്മീഷൻ നടത്തുന്ന തെരഞ്ഞെടുപ്പിൽ ഏകദേശം 70,000 പേർക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്.
ശനിയാഴ്ച രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ്, വൈകീട്ട് 7 മണിയോടെ അവസാനിച്ചു. കർശന സുരക്ഷയിൽ നടത്തിയ വോട്ടെടുപ്പിൽ സ്ത്രീകളുടേയും യുവാക്കളേയും പങ്കാളിത്തം ശ്രദ്ധേയമായി.
50% അടുത്ത് ആളുകൾ വോട്ടവകാശം വിനിയോഗിച്ചെന്നാണ് വിലയിരുത്തൽ. ഗാസയിലേക്ക് ബാലറ്റ് പേപ്പർ, ബാലറ്റ് ബോക്സുകൾ, മഷി തുടങ്ങിയവ എത്തിക്കുന്നത് ഇസ്രായേൽ തടഞ്ഞതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആരോപിച്ചു.
കഴിഞ്ഞ വർഷത്തെ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന് ശേഷം ബാക്കിയായ തടിപ്പെട്ടികളും മഷിയും ഉപയോഗിച്ചാണ് വോട്ടെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയത്. നേരിട്ട് ഒരു പാർട്ടിയായി രജിസ്റ്റർ ചെയ്തില്ലെങ്കിലും ഫത്ത, ഹമാസ് എന്നീ പ്രധാന രാഷ്ട്രീയ ശക്തികളുമായി ബന്ധമുള്ളവർ സ്ഥാനാർത്ഥികളായിരുന്നു.
കൂടാതെ സ്വതന്ത്ര സ്ഥാനാർത്ഥികളും പ്രാദേശിക നേതാക്കളും മത്സര രംഗത്ത് അണിനിരന്നു. പ്രാദേശിക പിന്തുണയും കുടുംബ-സാമൂഹിക സ്വാധീനവുമാണ് ഫലത്തിൽ നിർണായകമാകാൻ സാധ്യത.
ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയിലും ഫത്ത സ്വാധീനമുള്ള വെസ്റ്റ് ബാങ്കിലുമുള്ള രാഷ്ട്രീയ വിഭജനം ഫലത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. വർഷങ്ങൾക്ക് ശേഷം ആകെ മാറി മറിഞ്ഞ രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തിൽ ആര് ജയിക്കും എന്നത് പ്രവചനാതീതം.
എന്നാലും പ്രാദേശിക ഭരണ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനത്തിന്റെ പ്രധാന ഘട്ടമായി ഈ പ്രാദേശിക വോട്ടെടുപ്പ് വിലയിരുത്തപ്പെടുന്നു. മറ്റു മേഖലകളിലെ വോട്ടെടുപ്പ് സുരക്ഷാ സാഹചര്യങ്ങളും ഭരണ സംവിധാനത്തിന്റെ തയ്യാറെടുപ്പും അനുസരിച്ച് പിന്നീട് ഘട്ടങ്ങളായി നടക്കും.
ഗാസയിലേയും വെസ്റ്റ് ബാങ്കിലേയും ഫല പ്രഖ്യാപനത്തിന് പിന്നാലെ, മറ്റ് ഇടങ്ങളിലെ തെരഞ്ഞെടുപ്പ് സമയക്രമം അടക്കം കൂടുതൽ വിവരങ്ങൾ അധികൃതർ ഉടൻ പ്രഖ്യാപിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

