റാന്നി ∙ കടുത്ത ചൂടിൽ ഉരുകുകയാണു മലയോരങ്ങൾ. ഇടയ്ക്കിടെ പെയ്യുന്ന വേനൽ മഴയും ജനങ്ങൾക്ക് ആശ്വാസമാകുന്നില്ല.
ഇടമുറിഞ്ഞ പമ്പയിൽ ഇനി തെളിനീരൊഴുകാൻ എത്ര കാലം കാത്തിരിക്കണമെന്ന ചോദ്യം ബാക്കി. ദിവസമെന്നോണം അന്തരീക്ഷ താപനില ഉയരുകയാണ്.
37 ഡിഗ്രി വരെ ചൂടായിട്ടുണ്ട്. അന്തരീക്ഷത്തിൽ ചൂട് കൂടുന്നതിനനുസരിച്ച് കിണറുകളിലെ വെള്ളം വലിയുകയാണ്.
തോടുകളും മറ്റു ജലസ്രോതസുകളും വറ്റിയിട്ടു മാസങ്ങളായി. താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളം മാത്രമാണു തോടുകളിൽ ശേഷിക്കുന്നത്.
അതാകട്ടെ മാലിന്യം കലർന്നതും.
പാറയിടുക്കിലെ വെള്ളം ബാക്കി
പമ്പാനദി വരണ്ടിട്ടു 3 മാസത്തോളമായി. മുക്കത്തിനും ഇടത്തിക്കാവിനും മധ്യേ പലയിടത്തും ഇടമുറിഞ്ഞു കിടക്കുകയാണ്.
പാറയിടുക്കുകളിൽ കെട്ടി നിൽക്കുന്ന വെള്ളമാണു ബാക്കി. അതിലാണ് തീരവാസികൾ കുളിക്കുന്നതും വസ്ത്രങ്ങൾ കഴുകുന്നതും.
കല്ലാറും വറ്റിയിരിക്കുന്നു. വൈദ്യുതി ഉൽപാദനത്തിനു ശേഷം പുറത്തേക്കു വിടുന്ന വെള്ളമാണു കക്കാട്ടാറ്റിലെ ജലവിതാനം ഉയർത്തിയിരുന്നത്.
മണിയാർ ഡാമിന്റെ നവീകരണത്തിനായി വൃഷ്ടി പ്രദേശത്തു കിടന്ന വെള്ളം തുറന്നു വിട്ടതോടെ അതും നിലച്ചു. ചെളി നിറഞ്ഞ വെള്ളമാണ് പമ്പയിലൂടെ ഇപ്പോൾ ഒഴുകി എത്തുന്നത്.
അതും പൂവത്തുംമൂട് കടവിനു താഴെ മാത്രം.
13 പദ്ധതികൾ
കുരുമ്പൻമൂഴി, കൊല്ലമുള, വെച്ചൂച്ചിറ, കുടമുരുട്ടി, പെരുനാട് അത്തിക്കയം, അടിച്ചിപ്പുഴ, വടശേരിക്കര, പേഴുംപാറ, റാന്നി, ഐത്തല, അങ്ങാടി, ചെറുകോൽ നാരങ്ങാനം, അയിരൂർ കാഞ്ഞീറ്റുകര എന്നീ ജല വിതരണ പദ്ധതികൾക്ക് ആശ്രയം പമ്പാനദിയാണ്. വെച്ചൂച്ചിറ പദ്ധതി പ്രദേശങ്ങളിൽ പമ്പിങ്ങിന് ആവശ്യത്തിനു വെള്ളമില്ലാതായിട്ടു മാസങ്ങളായി.
പാറയിടുക്കിൽ കെട്ടിക്കിടക്കുന്ന വെള്ളമാണു പമ്പ് ചെയ്യുന്നത്. ചൂടു കൂടുമ്പോൾ വെള്ളം വലിയും.
പിന്നീട് പമ്പിങ് മുടങ്ങും. ഉയർന്ന പ്രദേശങ്ങളിൽ ആവശ്യത്തിനു വെള്ളമെത്തിക്കാൻ കഴിയുന്നില്ല.
ശുദ്ധീകരണമില്ല
വേനൽ കടുത്തതോടെ മാലിന്യം കലർന്ന വെള്ളമാണ് പമ്പാനദിയിലൂടെ ഒഴുകിയെത്തുന്നത്.
റാന്നി താലൂക്കിലെ ജല വിതരണ പദ്ധതികളിൽ റാന്നി, അയിരൂർ കാഞ്ഞീറ്റുകര എന്നിവയ്ക്കു മാത്രമാണ് ജല ശുദ്ധീകരണ പ്ലാന്റുള്ളത്. വെച്ചൂച്ചിറയും പേരിനു പ്ലാന്റുണ്ടെന്നു പറയാം.
മറ്റു പദ്ധതികളിൽ ശുദ്ധീകരണത്തിന് ഉപയോഗിക്കുന്നതു ബ്ലീച്ചിങ് പൗഡറാണ്. പേരിനു മാത്രമാണ് അതിടുന്നത്.
കൂടുതലിട്ടാൽ വെള്ളം ഉപയോഗിക്കാൻ പറ്റില്ല. ഇതുമൂലം മാലിന്യം കലർന്ന വെള്ളം ഉപയോഗിക്കുന്നവർക്കു ജലജന്യ രോഗങ്ങൾ പിടിപെടാനിടയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

