കൊല്ലം∙ ജില്ലാ അതിർത്തിയായ ഏനാത്ത് പാലം മുതൽ നിലമേൽ വാഴോട് വരെ ജില്ലയിലൂടെ എംസി റോഡ് കടന്നു പോകുന്നത് ഏകദേശം 41 കിലോമീറ്റർ ദൂരത്തിൽ. എംസി റോഡ് വികസനം പൂർത്തിയായ 2021 മുതൽ 3 വർഷത്തെ അപകട
കണക്കിൽ പൊലിഞ്ഞത് 46 ജീവനുകൾ. 3 വർഷ കാലയളവിലെ 422 അപകടങ്ങളിൽ ഒട്ടേറെപ്പേർക്ക് ഗുരുതര പരുക്കേറ്റു.
2026 മാർച്ച് വരെയുള്ള 3 മാസത്തിൽ 53 അപകടങ്ങളിൽ 10 പേർ മരിച്ചു, നിരവധി പേർ ഗുരുതരാവസ്ഥയിലായി.
എംസി റോഡിലെ അപകടങ്ങളിൽ കൂടുതലും പൊലിയുന്നത് കാൽനട യാത്രക്കാരും ബസ് കാത്ത് നിൽക്കുന്നവരുമാണ്.
അമിത വേഗം, അശ്രദ്ധ, ഡ്രൈവറുടെ ഉറക്കം തുടങ്ങിയവയാണ് അപകടങ്ങളിൽ കാരണങ്ങളായി നിരത്തുന്നത്. എന്നാൽ, ഇവ നിയന്ത്രിക്കാൻ കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല.
ജില്ലയിലെ എംസി റോഡ് ഭാഗം മുഴുവൻ ബ്ലാക്ക് സ്പോട്ടുകൾ ആക്കേണ്ട അവസ്ഥയാണെന്നാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.
നിലവിൽ വാഹനത്തിരക്ക് അനുസരിച്ചു എംസി റോഡിൽ നാലുവരി പാത അനിവാര്യമാണ്.
അത്രമാത്രം വാഹനങ്ങളാണ് ഓരോ നിമിഷവും എംസി റോഡ് വഴി കടന്നു പോകുന്നത്. ശബരിമല തീർഥാടകർ, ജടായൂപാറ സന്ദർശിക്കുന്നവർ, തിരുവനന്തപുരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തുന്ന ഇതരസംസ്ഥാന വാഹനങ്ങളിലേറെയും എംസി റോഡിനെയാണ് ആശ്രയിക്കുന്നത്.
ദേശീയപാത 66ൽ നിർമാണം നടക്കുന്നതിനാൽ തിരുവനന്തപുരത്തേക്ക് പോകേണ്ട ഭൂരിപക്ഷം ആളുകളും എംസി റോഡിനെയാണ് ആശ്രയിക്കുന്നത്.
ബ്ലാക് സ്പോട്ടുകൾ
ജില്ലയിലെ എംസി റോഡിൽ 15 തീവ്ര ബ്ലാക് സ്പോട്ടുകളാണ് ഗതാഗത വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
കുളക്കട, ഇഞ്ചക്കാട്, കലയപുരം, മൈലം, പുലമൺ, കരിക്കം, കുര്യോട്, സദാനന്ദപുരം, പനവേലി മഞ്ചാടിപ്പണ, വാളകം, വയയ്ക്കൽ, ആയൂർ, ചടയമംഗലം, കുന്നക്കര, നിലമേൽ എന്നിവിടങ്ങളിലാണ് നിലവിലെ ബ്ലോക് സ്പോട്ടുകൾ. അപകടമുണ്ടാകുന്ന സ്ഥലങ്ങൾ ബ്ലാക് സ്പോട്ടുകളായി രേഖപ്പെടുത്തും.
ബ്ലാക് സ്പോട്ടുകളിൽ അപകടം ഇല്ലാതെയാകുമ്പോൾ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.
അപകടങ്ങൾ കുറയ്ക്കാൻ സുരക്ഷിത ഇടനാഴി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 2019ൽ കെഎസ്ടിപിക്കും സർക്കാരിനും കൺസൽട്ടന്റ് കമ്പനി കത്ത് നൽകിയിരുന്നു. തുടർന്ന് ലോകബാങ്കിൽ നിന്ന് അനുവദിച്ച 160 കോടി രൂപ ചെലവാക്കി നിർമാണവും നടത്തി.
കൊടുംവളവുകൾ ഒഴിവാക്കിയില്ല. റോഡിൽ കൃത്യമായ സൂചകങ്ങളില്ല.
ബ്ലാക് സ്പോട് എന്ന് രേഖപ്പെടുത്തിയ ഇടങ്ങളിൽ പോലും തെരുവുവിളക്കുകൾ തെളിയുന്നില്ല. തുടർ അപകടങ്ങൾക്കു ശേഷവും ശാസ്ത്രീയ പരിഹാരമുണ്ടാകുന്നില്ല.
അപകടത്തിനു ശേഷം പരിശോധനയും കുറച്ച് ദിവസം നിരീക്ഷണവും മാത്രം, വീണ്ടും പഴയ പടിയിലേക്ക് കാര്യങ്ങൾ മാറും.
ഇന്റർസെപ്റ്റർ ഇവിടെ ഇല്ലേ ?
വാഹനങ്ങളുടെ അമിത വേഗം കണ്ടെത്തുന്നതിനുള്ള ഇന്റർസെപ്റ്റർ വാഹനത്തിന്റെ സേവനം എംസി റോഡിൽ വല്ലപ്പോഴും മാത്രമാണ് ഉള്ളത്. ഇത്തരം വാഹനങ്ങളുടെ കുറവാണ് ഇതിനു പ്രധാന കാരണം.
4 ജില്ലകളിലെ സേവനത്തിനായി ഒരു ഇന്റർസെപ്റ്റർ വാഹനം മാത്രമാണ് ഉള്ളത്. ഇതു മൂലം ഒരു ജില്ലയിൽ 7 ദിവസം മാത്രമാണ് വാഹനത്തിന്റെ സേവനം ലഭിക്കുന്നത്.
അപകട സാധ്യത ഏറിയ കൊല്ലം ജില്ലയിലെ എംസി റോഡിലും ദേശീയ പാതയിലും ഈ ഒരു വാഹനം ഉപയോഗിച്ചണ് വേഗ പരിശോധന നടത്തേണ്ടത്.
നേരത്തെ ഒരു വാഹനം ജില്ലയ്ക്കുണ്ടായിരുന്നു. മൂന്നു വർഷമായി അതിന്റെ കാമറ പ്രവർത്തിക്കുന്നില്ല, ജില്ലയിലെ എംസി റോഡിലും ദേശീയ പാതയിലും വേഗ പരിശോധനകൾ കർശനമാക്കിയയാൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
തിരക്ക് അധികമുള്ള പുലമൺ പോലെയുള്ള സ്ഥലങ്ങളിൽ മേൽപാലം നിർമ്മിച്ചും അപകടവും തിരക്കും ഒഴിവാക്കാം.
നിരീക്ഷണ ക്യാമറകൾ മാത്രം
ജില്ലയിലെ എംസി റോഡ് ഭാഗങ്ങളിൽ നാലിടത്ത് മാത്രമാണ് നിരീക്ഷണ ക്യാമറ പ്രവർത്തിക്കുന്നത്. പതിവായി വാഹനം ഓടിക്കുന്നവർക്ക് സ്പോട്ടുകൾ കൃത്യമായി അറിയാം.
ഈ മേഖലകളിൽ വാഹനം വേഗം കുറച്ച് ഓടിക്കും. പിന്നീട് പറ പറക്കുകയാണ് രീതിയെന്നു മോട്ടർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.
കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട വാഹനത്തിന്റെ വേഗം 120 കി.മീ.
ആയിരുന്നു. അപകടങ്ങൾ ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
കുളക്കട
മേഖല
റോഡ് സുരക്ഷ സംബന്ധിച്ചു നാറ്റ്പാക് 2021ൽ നടത്തിയ പഠനത്തിൽ മൂന്ന് കിലോമീറ്ററിനുള്ളിൽ 3 ബ്ലാക്ക് സ്പോട്ട് കണ്ടെത്തിയ ഭാഗമാണ് എംസി റോഡിൽ കുളക്കട പുത്തൂർമുക്കു മുതൽ ഏനാത്ത് പാലം വരെയുള്ള ദൂരം.
ബ്ലോക് സ്പോട്ടുകൾ ഒഴിവാക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അതൊന്നും ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്നാണ് പിന്നീടുണ്ടായ ദുരനുഭവങ്ങൾ. സ്ഥിരം അപകട
മേഖലയായ ആലപ്പാട്ട് ക്ഷേത്രത്തിനു മുന്നിലെ കൊടുംവളവ് ഉൾപ്പെടുന്ന ഭാഗത്ത് ഇരുവരിയായി ഗതാഗതം ക്രമീകരിക്കുന്നതിനു ഫ്ലെക്സിബിൾ സ്പ്രിങ് പോസ്റ്റുകൾ സ്ഥാപിച്ചിരുന്നു.
എംസി റോഡിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ കൊട്ടാരക്കര, ചടയമംഗലം, പുത്തൂർ മേഖലകളുടെ പരിധിയിൽ എംസി റോഡിൽ വാഹന പരിശോധന ഉണ്ട്.
ഇതിനു പുറമേ ഇന്റർസെപ്റ്റർ പരിശോധനയും കൂടുതൽ വാഹന പരിശോധനകളും നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
എ.കെ. ദിലു, എൻഫോഴ്സ്മെന്റ് ആർടിഒ, മോട്ടർ വാഹന വകുപ്പ്.
ഇതിൽ ഒരെണ്ണം പോലും ഇപ്പോൾ റോഡിൽ കാണാനില്ല.
അലക്ഷ്യമായി ഓടിച്ച വാഹനങ്ങൾ ഇടിച്ചു മുഴുവനും തകർന്നു. അമിത വേഗം, ചിലയിടങ്ങളിലെ കൊടുംവളവ്, വേഗനിയന്ത്രണ സംവിധാനങ്ങൾ ഇല്ലാത്തത്, റോഡിൽ ഫലപ്രദമായ പരിശോധന ഇല്ലാത്തത് തുടങ്ങിയവയെല്ലാം ഇവിടെ അപകടങ്ങൾക്കു കാരണമാകുന്നുണ്ട്.
സ്ഥിരം അപകട മേഖലയായ ഏറത്തു കുളക്കട
ജംക്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചതിനു ശേഷം ഈ ഭാഗത്ത് അപകടങ്ങൾക്കു കുറവുണ്ടായതായി നാട്ടുകാർ പറയുന്നു. പക്ഷേ റോഡിൽ ഇപ്പോഴും രാത്രികാലത്തു മതിയായ വെളിച്ചമില്ലാത്തത് പ്രശ്നമാണ്.
ചടയമംഗലം മേഖല
എംസി റോഡിൽ നിലമേൽ വാഴോടിനും ആയൂരിനും ഇടയിൽ വരുന്ന നിലമേൽ പുതുശ്ശേരി, ചടയമംഗലം നെട്ടേത്തറ എന്നിവിടങ്ങളിൽ അപകടം പതിവാണ്.
കുരിയോട് നെട്ടേത്തറയിൽ അപകടങ്ങളിൽപെട്ട് ഒട്ടേറെപ്പേർ മരിച്ചിട്ടുണ്ട്. ശബരിമല സീസണിലാണ് ഇവിടെ അപകടം കൂടുതൽ നടക്കുന്നത്.
പൊലീസും റോഡ് സുരക്ഷാ വിഭാഗവും പല തവണ സ്ഥലം സന്ദർശിച്ചു. കാര്യമായ നടപടി ഉണ്ടായില്ല.
ചടയമംഗലം പൊലീസ് സ്റ്റേഷനു മുന്നിൽ അപകടത്തിൽപെടുന്ന വാഹനങ്ങൾ കൂട്ടിയിട്ടണ്ട്.
നിലമേൽ വാഴോടിന് സമീപത്തു കഴിഞ്ഞ ശബരിമല സീസണിൽ തിരുവനന്തപുരത്ത് നിന്നു ശബരിമലയ്ക്ക് പോയി തിരിച്ചു വന്നു ഭക്തർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു.നിലമേൽ പുതുശ്ശേരിയിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്.
പൊലീസിന്റെ പട്രോളിങ് വാഹനം ഇവിടെ സ്ഥിരമായി പാർക്ക് ചെയ്ത് പരിശോധനയുണ്ടെങ്കിലും വാഹനങ്ങളുടെ അമിത വേഗത്തിന് പരിഹാരം ഇല്ല. അപകടം നടക്കുമ്പോൾ സ്ഥലത്ത് എത്തുന്ന പൊലീസും റോഡ് സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തും.
കടലാസിൽ ഒതുങ്ങുകയാണ് മറ്റ് നടപടികൾ.
ആയൂർ മേഖല
കഴിഞ്ഞ ദിവസം എംസി റോഡിലെ പ്രധാന ടൗണായ ആയൂരിനു അടുത്തുള്ള പാലത്തിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിതാവും മകനും മരിച്ചിരുന്നു. വിദേശ രാജ്യങ്ങളിലും മറ്റും ഉപയോഗിക്കുന്ന തരത്തിലുള്ള റോഡ് മാർക്കിങ്ങുകളാണ് എംസി റോഡിൽ ഉള്ളതെങ്കിലും ഇത്തരം മാർക്കിങ്ങുകൾ കണ്ടാൽ ഇതു എന്തിനു വേണ്ടി ഉള്ളതാണെന്നു പലർക്കും അറിയില്ല.
വളവുകളിൽ ഓവർടേക്കിങ് പാടില്ലാത്ത ഡിവൈഡറിനു തുല്യമായ മാർക്കിങ്ങുകൾ ഉണ്ടെങ്കിലും അവിടെപ്പോലും ഓവർടേക്കിങ് നടക്കുന്നു.
വാളകം മേഴ്സി ഭാഗം, പൊലിക്കോട് ആനാട് ഭാഗം, വയയ്ക്കൽ, വയയ്ക്കൽ വഞ്ചിപ്പെട്ടി, കമ്പംകോട്, ആയൂർ അകമൺ, ആയൂർ പാലം ഭാഗം, ഇളവക്കോട് ഇവിടങ്ങളെല്ലാം അപകട സാധ്യത കൂടിയ മേഖലകളാണ്.
അമിത വേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നത്. മുന്നിലുളള വാഹനം നിശ്ചിത വേഗത്തിൽ പോയാൽ പിന്നാലെ എത്തുന്ന വാഹനങ്ങൾ ഇതിനെ മറികടന്നു പോകാൻ തിടുക്കം കാട്ടും.
ഇടുങ്ങിയ സ്ഥലങ്ങളിലും ഓവർടേക്കിങ് പാടില്ലാത്ത ഭാഗങ്ങളിൽ പോലും ഓവർടേക്കിങ് നടക്കുന്നു. ഇത്തരം സന്ദർഭങ്ങൾ അപകടം ക്ഷണിച്ചു വരുത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

