കോഴിക്കോട് ∙ മൂഴിക്കൽ പൂതംകുഴിമീത്തലിൽ വീട്ടിൽ പത്താംക്ലാസ് വിദ്യാർഥിനി നസ്രീനയെ കൊലപ്പെടുത്തി ബന്ധുവായ അദിനാൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നസ്രീനയുടെയും അദ്നാന്റെയും ഫോണുകൾ പൊലീസ് കിണറ്റിൽ നിന്നു കണ്ടെടുത്തു. സംഭവ ദിവസം പൊലീസ് വീടു പരിശോധിച്ചപ്പോൾ അദ്നാന്റെ ഒരു ഫോൺ മുറിയിൽനിന്നു കിട്ടിയിരുന്നു.
എന്നാൽ നസ്രീനയുടെ ഫോൺ മുറിയിൽ ഉണ്ടായിരുന്നില്ല. ഫോൺ കിണറ്റിൽ എത്തിയതിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പൊലീസ്, സംഭവ ദിവസം വീട്ടിൽ എത്തിയവരിൽ നിന്നു മൊഴിയെടുക്കും.
കണ്ടെടുത്ത 2 ഫോണുകൾ നസ്രിനയുടെതും മറ്റൊരു ഫോൺ അദ്നാന്റെയുമാണെന്ന് വ്യക്തമായതായി ചേവായൂർ പൊലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ നസ്രീനയെ കൊലപ്പെടുത്തി അദ്നാൻ ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഫോണുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് പറഞ്ഞു.
ഇരുനില വീടിന്റെ മുകൾ വശത്തെ 2 മുറികളിലായാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്നാൻ മരിച്ചു കിടന്ന മുറിയിയുടെ വാതിൽ പൊളിച്ചാണ് പൊലീസ് അകത്തു കയറിയത്.
ഈ മുറി വീടിന്റെ മുകൾ നിലയിൽ തെക്ക് പടിഞ്ഞാറു ഭാഗത്താണ്.
എന്നാൽ ഫോൺ കണ്ടെടുത്ത കിണർ വീടിന്റെ കിഴക്കു ഭാഗത്താണ്. സംഭവ ദിവസം അദ്നാൻ മരിച്ചു കിടന്ന മുറി പൊലീസ് പരിശോധിച്ചപ്പോഴാണ് ചെറിയ ഒരു മൊബൈൽ ഫോൺ കണ്ടെടുത്തത്.
മുറിയുടെ പടിഞ്ഞാറു വശത്തെ ജനൽ തുറന്നിട്ട നിലയിലായതിനാൽ ഫോൺ അദ്നാൻ പുറത്തേക്ക് എറിഞ്ഞെന്ന സംശയത്തിൽ പുറത്തെ കുറ്റിക്കാട്ടിലും സൺഷെയ്ഡിലും ഡപ്യൂട്ടി കമ്മിഷണർ പദം സിങ്ങിന്റെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു.
ബുധനാഴ്ച പൊലീസും വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ റോബി വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ഫോഴ്സ് സ്കൂബ ഡൈവിങ് സംഘവും കിണറ്റിൽ നടത്തിയ പരിശോധനയിലാണ് ഫോണുകൾ കണ്ടെടുത്തത്. ഫോണുകൾ ലഭിച്ചത് വീടിന്റെ കിഴക്കു വശത്തെ കിണറ്റിൽ നിന്നായതിനാൽ പൊലീസിനും സംശയമായി.
ഈ ഫോൺ മറ്റൊരോ കിണറ്റിൽ എറിഞ്ഞതാകാമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
സംഭവ ദിവസം പുലർച്ചെ 5 ന് ശേഷം വീട്ടിലെത്തിയവരിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരം ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു. കണ്ടെടുത്ത ഫോൺ ഫൊറൻസിക് സംഘവും സൈബർ വിദഗ്ധരും പരിശോധന നടത്തും.
ഇതിനായി ഫോൺ അന്വേഷണത്തിനു കൈമാറിയതായി മെഡിക്കൽ കോളജ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ കെ.എം.ബിജു പറഞ്ഞു. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദ്നാൻ പുറത്തിറങ്ങിയാൽ മാത്രമേ ഫോൺ കിഴക്കു വശത്തെ കിണറ്റിൽ ഉപേക്ഷിക്കാൻ കഴിയൂ എന്നും എന്നാൽ പൊലീസ് വീട് പരിശോധിക്കുമ്പോൾ വാതിൽ പൂട്ടിയ നിലയിലായിരുന്നു എന്നും പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

