കൊച്ചിയിലെ അതിസുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന തുറമുഖ മേഖലയിൽ നിന്ന് അര കിലോമീറ്ററോളം നീളമുള്ള റെയിൽവേ ട്രാക്ക് കാണാതായി. വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പ്രവർത്തനമാരംഭിച്ചതോടെ ഉപയോഗശൂന്യമായി കിടന്നിരുന്ന പാളങ്ങളാണ് മോഷണം പോയത്.
ചരക്ക് നീക്കം നിലച്ചതോടെ കാടുപിടിച്ചു കിടക്കുന്ന ഈ പ്രദേശത്തെ പാളങ്ങൾ സാമൂഹിക വിരുദ്ധർ മുറിച്ചുകടത്തിയതായാണ് പ്രാഥമിക നിഗമനം. വൻ വിലമതിക്കുന്ന ലോഹഭാഗങ്ങൾ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷാ വലയം ഭേദിച്ച് എങ്ങനെ പുറത്തെത്തിച്ചു എന്നത് വലിയ ചോദ്യചിഹ്നമായി തുടരുകയാണ്.
സംഭവത്തിൽ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റെയിൽവേ അധികൃതർ സംഭവസ്ഥലത്തെത്തി ഇന്നലെ വൈകിട്ട് പരിശോധന നടത്തി.
നേരത്തെ വെള്ളൂർ എച്ച്എൻഎല്ലിലേക്ക് കൽക്കരി എത്തിച്ചിരുന്നത് ഈ പാതയിലൂടെയായിരുന്നു. തുറമുഖ അതോറിറ്റിയുടെ അധീനതയിലുള്ള ഭൂമിയായതിനാൽ പാളങ്ങളുടെ സംരക്ഷണ ചുമതലയും അവർക്കായിരുന്നു.
പാളം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ നിലവിൽ മതിൽക്കെട്ടിനുള്ളിൽ ചിതറിക്കിടക്കുന്ന നിലയിലാണ്. ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ ഉരുക്കുപാളങ്ങളാണ് മോഷണം പോയിരിക്കുന്നത്.
ടാറ്റാ ടെറ്റ്ലിക്ക് മുന്നിലൂടെ ഹാർബർ ടെർമിനസ് റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന റോഡിന് കുറുകെയായിരുന്നു ഈ റെയിൽവേ ലൈൻ കടന്നുപോയിരുന്നത്. കർശന സുരക്ഷാ പരിശോധനകളുള്ള മേഖലയിൽ ഇത്രയധികം റെയിൽവേ ട്രാക്ക് കാണാതായത് കടുത്ത സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

