ചെറുവത്തൂർ മേഖലയിൽ കാലവർഷം പ്രതീക്ഷിച്ചത്ര ശക്തിപ്പെടാത്തത് മത്സ്യബന്ധന മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കടലിൽ ചെമ്മീൻ ലഭ്യത വർധിക്കുമെന്ന മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയാണ് നിലവിൽ മങ്ങുന്നത്.
ചെമ്മീൻ ചാകരയുണ്ടാകുമെന്ന പ്രതീക്ഷയിൽ സജ്ജമാക്കി നിർത്തിയ 50-ലധികം വൻകിട വള്ളങ്ങൾ ഇപ്പോൾ കരയിൽ തന്നെ തുടരുകയാണ്.
സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ ചെറുവത്തൂർ തീരത്ത് നിന്ന് ചെറിയ വള്ളങ്ങൾ മാത്രമാണ് ഇപ്പോൾ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്നത്. നിലവിലെ സാഹചര്യത്തിൽ മത്തിയും കറ്റ്ലയും മാത്രമാണ് പ്രധാനമായും ലഭിച്ചുകൊണ്ടിരിക്കുന്നത്.
പുലർച്ചെ കടലിൽ പോയി ഉച്ചയോടെ തിരിച്ചെത്തുന്ന വള്ളങ്ങളിൽ മത്തിയാണ് കൂടുതൽ ലഭിക്കുന്നത്. ട്രോളിങ് നിരോധനത്തിന്റെ തുടക്കത്തിൽ മത്തിക്ക് കിലോയ്ക്ക് 500 രൂപ വരെ വിലയുണ്ടായിരുന്നത് പിന്നീട് 400 രൂപയായും, ഇന്നലെ 300 രൂപയായും കുറഞ്ഞു.
പതിവിൽ നിന്ന് വ്യത്യസ്തമായി വലിപ്പമുള്ള മത്തിയാണ് ഇത്തവണ ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതേസമയം, രാത്രികാലങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾക്ക് ലഭിക്കുന്നത് കറ്റ്ലയാണ്.
കിലോയ്ക്ക് 500 രൂപയുണ്ടായിരുന്ന കറ്റ്ലയുടെ വിലയും ഇന്നലെ 300 രൂപയിലേക്ക് താഴ്ന്നു. ജൂൺ 10-ന് ശേഷം ചെമ്മീൻ ചാകര ഉണ്ടാകുമെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷ.
എന്നാൽ മഴ കുറവായതിനാൽ കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള തീരപ്രദേശങ്ങളിൽ ഇതുവരെ ചെമ്മീൻ ലഭ്യതയിൽ വർധനവുണ്ടായിട്ടില്ല. അനുകൂലമായ കാലാവസ്ഥാ മാറ്റത്തിനായി കാത്തിരിക്കുകയാണ് തീരദേശത്തെ തൊഴിലാളികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

