ഒലിവുമല ∙ നാട്ടിലിറങ്ങിയ ഒറ്റയാന്റെ കലിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഒലിവുമലയും പരിസര പ്രദേശങ്ങളും. ഏതുനിമിഷവും ഒറ്റയാന്റെ മുന്നിൽപെടുമെന്ന് ഭയന്നാണ് ഇവിടത്തുകാർ കഴിയുന്നത്.
ഒരു രാത്രി പോലും ഭീതിയില്ലാതെ ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലാണു നാട്ടുകാർ. കലി പൂണ്ടെത്തുന്ന ഒറ്റയാന്റെ മുൻപിൽ നിന്നു പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
2 മാസത്തിനിടെ ഏക്കറുക്കണക്കിന് സ്ഥലത്തെ കൃഷിയാണു ഒറ്റയാൻ നശിപ്പിച്ചത്.
രാത്രിയിലാണു പണ്ടൊക്കെ കാട്ടാനകൾ ജനവാസ മേഖലകളിൽ ഇറങ്ങിയിരുന്നത്. എന്നാലിപ്പോൾ, കാട്ടാനകൾ രാപകൽ വ്യത്യാസമില്ലാതെ ജനവാസ മേഖലകളിലേക്കെത്തുകയാണ്.
ജനങ്ങളുടെ ജീവന് വരെ ഭീഷണിയായിട്ടും അവയെ തടയാൻ നടപടികൾ സ്വീകരിക്കാതെ അധികൃതർ നോക്കിനിൽക്കുകയാണ്.
പി.വി.ജോയ്, ഒലിവുമല
വൈകിട്ടോടെ ജനവാസ മേഖലകളിലേക്കെത്തുന്ന ഒറ്റയാൻ നേരം പുലർന്നാലും തിരികെ കാടുകയറാറില്ലെന്ന് നാട്ടുകാർ പറയുന്നു. വൈത്തിരി–ഒലിവുമല റോഡിലും ഒറ്റയാൻ നിലയുറപ്പിക്കുന്നത് പതിവാണ്.
ചെമ്പ്ര മലയുടെ താഴ്വാരത്തോട് ചേർന്നാണു ഒലിവുമല. വനത്താലും സ്വകാര്യ തോട്ടങ്ങളാലും ചുറ്റപ്പെട്ട
മേഖലയാണിത്. നൂറിലധികം കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്.
ചെമ്പ്ര വനമേഖലയിൽ നിന്നിറങ്ങുന്ന ഒറ്റയാൻ പകൽസമയങ്ങളിൽ ഒലിവുമലയോട് ചേർന്ന തോട്ടങ്ങളിൽ തമ്പടിക്കും. പിന്നീടു സമീപത്തെ പുഴ കടന്ന് വൈകിട്ടോടെ ജനവാസ മേഖലയിലേക്കിറങ്ങും.
വനാതിർത്തികളിൽ ഫെൻസിങ് അടക്കമുള്ള പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ച് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്കെത്തുന്നത് തടയണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെയായിട്ടും അംഗീകരിക്കപ്പെട്ടിട്ടില്ല.
ഒലിവുമല അടക്കമുള്ള മേഖലകളിൽ ഫെൻസിങ് സ്ഥാപിക്കാൻ ഒട്ടേറെത്തവണ ഫണ്ട് അനുവദിക്കപ്പെട്ടിരുന്നെങ്കിലും അധികൃതരുടെ കെടുകാര്യസ്ഥത കാരണം നടപ്പിലായില്ലെന്നും നാട്ടുകാർ പറയുന്നു.
പകൽസമയങ്ങളിൽ പോലും കാട്ടാനകൾ അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലകളിൽ വിലസുകയാണ്. ഇവയുടെ മുൻപിൽ നിന്നു പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
ദുരന്തത്തിന് കാത്തുനിൽക്കാതെ, വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത് തടയാൻ വനംവകുപ്പ് കാര്യക്ഷമമായി ഇടപെടണം.
ഷിനിൽ തോമസ്, ഒലിവുമല
ഒലിവുമലയോട് ചേർന്ന ചുണ്ടവയൽ, ചുണ്ടേൽ, തളിമല, ചേലോട് മേഖലകളിലും ഒറ്റയാന്റെ ശല്യം രൂക്ഷമാണ്. സദാസമയവും വാഹനത്തിരക്കുള്ള കോഴിക്കോട്–കൊല്ലഗൽ ദേശീപാതയോരത്തെ ചേലോട് റോഡരികിൽ പതിവായി കാട്ടാനകളെത്താൻ തുടങ്ങിയതോടെ ഇതുവഴിയുള്ള രാത്രിയാത്ര ആശങ്കയിലായി.
മാസങ്ങൾക്കു മുൻപ് രാത്രിയിൽ ചേലോട് പള്ളിക്ക് സമീപം കാട്ടാന റോഡ് കുറുകെ കടക്കുന്നതിനിടെ കാറുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.
ജനകീയ ഫെൻസിങ് തകർന്നെന്ന് നാട്ടുകാർ
ജനകീയ ഫെൻസിങ് തകർന്നതാണ് കാട്ടാനകൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്കിറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ചുണ്ടവയൽ–ആനപ്പാറ റോഡ് മുതൽ തളിമല വരെയുള്ള 5 കിലോമീറ്റർ ദൂരത്താണു ഫെൻസിങ് സ്ഥാപിച്ചിട്ടുള്ളത്.
ചുണ്ടവയലിൽ ഫെൻസിങ് ആരംഭിക്കുന്ന സ്ഥലത്തെ ഇരുമ്പുതൂൺ കാട്ടാനകൾ നശിപ്പിച്ചു. ഈ ഭാഗത്തു കൂടെയാണു കാട്ടാനകൾ വട്ടക്കുണ്ട് ഊരിലേക്ക് കടക്കുന്നത്.
വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിലാണു പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ചേർന്ന് 2023 ഒക്ടോബറിൽ ജനകീയ ഫെൻസിങ് പദ്ധതി തുടങ്ങിയത്. കൃഷിഭൂമികളുടെ അതിരിലൂടെയാണു 3 മീറ്റർ ഉയരമുള്ള വേലി നിർമിച്ചത്.
3 നിരകളിലാ യി വലിച്ച കമ്പികളിലൂടെയാണു മൂന്നിടങ്ങളിലായി സ്ഥാപിച്ച ബാറ്ററികളിൽ നിന്നു വൈദ്യുതി പ്രവഹിപ്പിക്കുന്നത്. ആദ്യ മാസങ്ങളിൽ ഫെൻസിങ് സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് താളംതെറ്റിയെന്ന് നാട്ടുകാർ പറയുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

