മാഹിയിൽ കുട്ടികളുടെ കളിപ്പാട്ട നോട്ട് ഉപയോഗിച്ച് പെട്രോൾ പമ്പിൽ തട്ടിപ്പ് നടത്തിയ സംഘം പൊലീസിന്റെ പിടിയിലായി.
കോഴിക്കോട് സ്വദേശികളായ നാലംഗ സംഘമാണ് മാഹി പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് വളയം സ്വദേശികളായ സായന്ത്, അക്ഷയ്, ര രജിത്ത്, ഷിജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.47-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാഹി പള്ളൂരിലെ ഒരു പെട്രോൾ പമ്പിലേക്ക് ഇന്നോവ കാറിലെത്തിയ സംഘം 600 രൂപയ്ക്കുള്ള ഡീസൽ നിറച്ചു.
തുടർന്ന് ഇന്ധന വിലയായി 500 രൂപയുടെയും 100 രൂപയുടെയും ഓരോ നോട്ടുകൾ നൽകി മടങ്ങുകയായിരുന്നു. പണം നൽകിയ ജീവനക്കാരൻ വിശദമായി പരിശോധിക്കാതെ തന്നെ തുക തന്റെ ബാഗിലേക്ക് മാറ്റി.
തുടർന്ന് രാത്രിയിലെ കണക്കെടുപ്പിനിടയിലാണ് ജീവനക്കാരന് തട്ടിപ്പ് മനസ്സിലായത്. നൽകിയ നോട്ടുകളിൽ 500 രൂപയുടേത് കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന ഫാൻസി നോട്ടായിരുന്നു.
‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ എന്ന് ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് പമ്പ് ജീവനക്കാർ ഉടൻ തന്നെ പള്ളൂർ പൊലീസിൽ പരാതി നൽകി.
പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ സിസിടിവി ദൃശ്യ പരിശോധനയിൽ കാറിന്റെ നമ്പർ തിരിച്ചറിയുകയായിരുന്നു. ഈ നമ്പരിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിനൊടുവിലാണ് സായന്ത്, അക്ഷയ്, രജിത്ത്, ഷിജിത്ത് എന്നിവരെ പിടികൂടാൻ സാധിച്ചത്.
മാഹിയിലെ മറ്റ് നാല് കടകളിൽ കൂടി ഇവർ സമാനമായ രീതിയിൽ ഫാൻസി നോട്ടുകൾ നൽകി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

