വേനൽച്ചൂടിൽ വെന്തുരുകി ജില്ല. നഗര, ഗ്രാമ വ്യത്യാസമില്ലാതെ പകൽ താപനില ഉയർന്നു തന്നെ നിൽക്കുന്നു.
മനുഷ്യർ മാത്രമല്ല, ജന്തുക്കളും ജീവജാലങ്ങളും വേനലിൽ വെന്തുരുകുകയാണ്. താപമാപിനിയിൽ 37–38 ഡിഗ്രി സെൽഷ്യസേ കാണിക്കുന്നുള്ളുവെങ്കിലും 50 ഡിഗ്രി സെൽഷ്യസ് ചൂട് അനുഭവപ്പെടുന്നു.
അടുത്തെങ്ങും മഴ പെയ്യുന്ന ലക്ഷണം കാണുന്നില്ല. ഒരാഴ്ച കൂടി ഇതേ താപനില തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം.
ഉച്ച സമയത്തു ശരീരത്തിലേക്കു വെള്ളം ഒഴിച്ചാൽ ആവിയായി പോകുന്ന അവസ്ഥയാണിപ്പോൾ.
രാവിലെ 11 മുതൽ വൈകിട്ട് 3 വരെ നേരിട്ടു വെയിലേൽക്കുന്നത് അപകടത്തിനിടയാക്കുമെന്നു മുന്നറിയിപ്പുണ്ട്. ഇടയ്ക്കിടെ വെള്ളം കുടിക്കുകയും തണലിൽ വിശ്രമിക്കുകയും വേണം.
ഉച്ച സമയത്തുള്ള ദീർഘയാത്ര ഒഴിവാക്കാനും നിർദേശമുണ്ട്. ദേശീയപാത നിർമാണം നടക്കുന്ന സ്ഥലങ്ങളിലും ഗതാഗതക്കുരുക്കുള്ള റോഡുകളിലും ഇരുചക്ര വാഹനത്തിലെ യാത്രയ്ക്കു മുൻകരുതലെടുക്കണം.
കൊടും വേനലിൽ പുഴകളിലെയും ജലാശയങ്ങളിലെയും വെള്ളത്തിന്റെ നിരപ്പു താഴ്ന്നു. കിഴക്കൻ മേഖലകളിൽ കനാൽ വെള്ളം ഉള്ളതിനാൽ ശുദ്ധജല ക്ഷാമം ബാധിച്ചിട്ടില്ല.
കർഷകരുടെ കാര്യം തഥൈവ
കൊടും ചൂടിൽ കരിഞ്ഞുണങ്ങി കാർഷിക മേഖല.
കൃത്യമായി നനയ്ക്കാൻ കഴിയാത്ത സ്ഥലങ്ങളിലെല്ലാം കാർഷിക വിളകൾ വാടിക്കരിഞ്ഞു. കിഴക്കൻ മേഖലയിൽ കനാൽ വെള്ളം ലഭിക്കുന്നതു മാത്രമാണ് ആശ്വാസം.
വിഷു വിപണി മുന്നിൽ കണ്ടുള്ള പച്ചക്കറിക്കൃഷി വിളവെടുത്തതിനാൽ ആ മേഖലയിൽ വലിയ പ്രതിസന്ധിയില്ല. എങ്കിലും വൈകി വിളവെത്തിയ സ്ഥലങ്ങളിൽ ചെടികൾ കരിഞ്ഞുണങ്ങി.
വയലുകളിലെ വെള്ളരി, മത്തൻ, തണ്ണിമത്തൻ കൃഷി വിളവെടുപ്പിനു പാകമായി. കൂലിക്കൂടുതൽ മൂലം ജില്ലയിൽ പച്ചക്കറി കൃഷി പൊതുവെ കുറവാണ്.
എന്നാൽ കൊടും ചൂടു മൂലം ജാതിമരങ്ങളിൽ കായ്കൾ കൊഴിയുന്നതും തെങ്ങിൽ വെള്ളയ്ക്ക കൊഴിയുന്നതും വ്യാപകമാണ്.
രണ്ടാഴ്ച മുൻപുണ്ടായ കാറ്റിലും മഴയിലും നൂറുകണക്കിനു നേന്ത്രവാഴകൾ ഒടിഞ്ഞു വീണതിനു പിന്നാലെയാണു തോട്ടം കൃഷിയിലെ നഷ്ടവും. കോഴിക്കർഷകർക്കും ക്ഷീരകർഷകർക്കും കൊടും ചൂട് ഇരുട്ടടിയായി.
ഇറച്ചിക്കോഴി ഫാമുകളിൽ ചൂടു കൂടിയതു മൂലം നൂറുകണക്കിനു കോഴികൾ ചത്തു വീഴുന്നതായി കർഷകർ പറയുന്നു.
പാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞതു കർഷകരെയും മിൽമ പോലുള്ള സ്ഥാപനങ്ങളെയും ഒരുപോലെ ബാധിച്ചു. 20 ലീറ്റർ പാൽ അളന്നിരുന്ന കർഷകർ ഇപ്പോൾ 16–18 ലീറ്റർ പാൽ മാത്രമാണ് അളക്കുന്നത്.
പശുക്കൾക്കു തീറ്റപ്പുൽ ഇല്ലാതായി. പശുക്കളെ അഴിച്ചു പറമ്പിൽ കെട്ടാനും പറ്റുന്നില്ല.
വലിയ ഫാമുകളിൽ പശുക്കളെ ഉഷ്ണത്തിൽ നിന്നു രക്ഷിക്കാൻ സൗകര്യമുണ്ടെങ്കിലും ഒന്നും രണ്ടും പശുക്കളെ വളർത്തുന്ന ചെറുകിട കർഷകർക്ക് ആ സൗകര്യം ഏർപ്പെടുത്താൻ േശഷിയില്ല.
പശുക്കൾക്കു രോഗങ്ങൾ കൂടുന്ന സമയം കൂടിയാണിത്. ശരീരം നോക്കണേ…
നമ്മളെത്ര വേനൽ കണ്ടതാ എന്ന മട്ടിൽ നിസ്സാരമായി തള്ളിക്കളയരുത് ഈ കൊടും ചൂടിനെ.
ഉയരുന്ന താപനിലയ്ക്കൊപ്പം വലിയ തോതിലുള്ള അൾട്രാ വയലറ്റ്(യുവി) വികിരണവും ഭൂമിയിലേക്കെത്തുന്നുണ്ട്. യുവി രശ്മികൾ നേരിട്ടു ശരീരത്തിൽ ഏൽക്കുന്നതു ചർമരോഗങ്ങൾ മുതൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വരെ ഉണ്ടാക്കാം.
നിർജലീകരണമാണു മറ്റൊരു പ്രശ്നം. നമ്മുടെ ശരീരത്തിൽ മറഞ്ഞു കിടക്കുന്ന പല രോഗങ്ങളും വേനൽക്കാല ചൂടിൽ പുറത്തേക്കിറങ്ങാനും സാധ്യതയേറെയാണ്.
കുട പിടിക്കാം ചർമത്തിന്
ചർമത്തിന് അത്ര നല്ല കാലമല്ല വേനൽ കാലം.
സൂര്യാതപം മുതൽ ഒരുപിടി പ്രശ്നങ്ങൾ ഊഴം കാത്തു നിൽക്കുന്നുണ്ട്. നേരിട്ടു വെയിലേൽക്കുന്നതിലൂടെയാണു സൂര്യാതപം ഉണ്ടാകുന്നത്.
വെയിലേറ്റ ഭാഗങ്ങളിൽ നീറ്റലും പുകച്ചിലും, പൊള്ളിയ പോലെയുള്ള പാടുകളും കാണാം.
സൂര്യാതപം ഏറ്റ ഭാഗങ്ങൾ എത്രയും പെട്ടെന്നു തണുത്ത വെള്ളമോ നനഞ്ഞ തുണിയോ ഉപയോഗിച്ചു തണുപ്പിക്കുകയാണ് ആദ്യം വേണ്ടത്. പൊള്ളിയ ചർമം സ്വയം ഇളക്കി മാറ്റാതിരിക്കാനും ശ്രദ്ധിക്കണം.
ഒപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം.
സൂര്യപ്രകാശവും അലർജിയാ!
സൂര്യപ്രകാശത്തോടുള്ള അലർജിയാണു ഫോട്ടോ ഡെർമറ്റൈറ്റിസ് ഇത്തരത്തിൽ അലർജിയുള്ളവർക്ക് അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കുന്ന മുഖം, കഴുത്ത്, കൈകളുടെ പുറം ഭാഗം തുടങ്ങിയ ശരീരഭാഗങ്ങളിൽ ചുവപ്പ്, പാടുകൾ, ചൊറിച്ചിൽ എന്നീ ലക്ഷണങ്ങൾ കാണപ്പെടുന്നു. നേരത്തെ അലർജിയില്ലാത്തവർക്കും പെട്ടെന്നൊരു ദിവസം അലർജി വന്നേക്കാം.
പ്രത്യേകിച്ചു കാരണങ്ങൾ ഒന്നുമില്ലാതെയും, വിരളമായി ചില മരുന്നുകൾ മൂലവും, ലൂപസ് പോലെയുള്ള രോഗങ്ങളുടെ ലക്ഷണമായും ഫോട്ടോ ഡെർമറ്റൈറ്റിസ് കണ്ടു വരാറുണ്ട്.
ചൂടുകുരു വരുമേ…
ചർമത്തിലെ വിയർപ്പുഗ്രന്ഥിക്കുഴലുകളിലുണ്ടാകുന്ന തടസ്സം കാരണമാണു ചൂടുകുരു ഉണ്ടാകുന്നത്. ഇവ മൂലം വിയർപ്പു ഗ്രന്ഥിക്കുഴലുകൾ പൊട്ടി വിയർപ്പ് ചർമത്തിലേക്ക് ആഴ്ന്നിറങ്ങി കുരുക്കളുണ്ടാക്കുന്നു.
വിയർപ്പ് തങ്ങി നിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിലാണു ചൂടു കുരുക്കൾ ഉണ്ടാകുന്നത്. ചർമത്തിലെ ഫംഗൽ, ബാക്ടീരിയൽ അണുബാധകൾ എന്നിവയും വേനൽ കാലത്തു കൂടുന്നതായി കാണാറുണ്ട്
വെയിലത്ത് ഇറങ്ങുമ്പോൾ
∙ വസ്ത്രങ്ങൾ, കുട, തൊപ്പി മുതലായവ ഉപയോഗിച്ചു ചർമത്തിൽ പരമാവധി വെയിലേൽക്കാതെ സൂക്ഷിക്കുക.
∙ അയഞ്ഞതും നേർത്തതുമായ വസ്ത്രങ്ങൾ ധരിക്കാൻ ശ്രമിക്കുക.
∙ വ്യക്തിശുചിത്വം പാലിക്കുക
∙ പുറത്തേക്കിറങ്ങുമ്പോൾ എസ്പിഎഫ് 30 മുതലുള്ള സൺസ്ക്രീൻ ഉപയോഗിക്കുക.
∙ സൂര്യരശ്മികൾ ഏൽക്കാൻ സാധ്യതയുള്ള സമയത്തിന് അര മണിക്കൂർ മുൻപെങ്കിലും സൺസ്ക്രീൻ പുരട്ടണം.
രണ്ടു മുതൽ നാലു മണിക്കൂർ കഴിയുമ്പോൾ വീണ്ടും പുരട്ടണം.
∙ സൂര്യരശ്മികൾ ഏൽക്കാൻ സാധ്യത ഉള്ള എല്ലാ ശരീര ഭാഗങ്ങളിലും സൺസ്ക്രീൻ ആവശ്യമുള്ള അളവിൽ പുരട്ടണം.
വെള്ളം കുടിക്കണം
വേനൽക്കാലത്തു ഭക്ഷണ ക്രമത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അധികം വിശക്കാത്ത, എന്നാൽ കൂടുതൽ ദാഹിക്കുന്ന സമയമാണിത്.
ശരീര ഭാരത്തെ 35 കൊണ്ടു ഗുണിച്ച് അതിനെ 1000 കൊണ്ടു ഹരിച്ചാൽ കിട്ടുന്ന അത്രയും ലീറ്റർ വെള്ളമാണു സാധാരണയായി കുടിക്കേണ്ടത്. എന്നാൽ വേനലിൽ ചെയ്യുന്ന ജോലിയുടെ കാഠിന്യവും സൂര്യപ്രകാശം ഏൽക്കുന്നതുമനുസരിച്ചു കൂടുതൽ വെള്ളം കുടിക്കണം.
മൂത്രാശയവുമായി ബന്ധപ്പെട്ട അസുഖങ്ങളെ പ്രതിരോധിക്കാനും ഇതു സഹായിക്കും.
ശീതള പാനീയങ്ങൾ കുടിക്കുമ്പോൾ നിറവും രുചിയും മാത്രം നോക്കാതെ പോഷക ഗുണം കൂടി ശ്രദ്ധിക്കണം. ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ലോഗോ ഉണ്ടെന്നു കൂടി ഉറപ്പു വരുത്തണം.
കഴിവതും ശീതളപാനീയങ്ങൾ ഒഴിവാക്കി പഴച്ചാറുകളും ഇളനീരും സംഭാരവും കുടിക്കുന്നതാകും നല്ലത്.
ആവാം; പഴം, പച്ചക്കറി
ജലാംശം കൂടുതലുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. തണ്ണിമത്തൻ, ഓറഞ്ച്, ഷമാം, പപ്പായ, പൈനാപ്പിൾ തുടങ്ങിയവ കഴിക്കാം.
കുമ്പളങ്ങ, മത്തങ്ങ, പടവലങ്ങ, ഇലക്കറികൾ എന്നിവയും വേനലിന് അനുയോജ്യമാണ്. മാങ്ങ സീസൺ അല്ലേ, മാങ്ങയും കഴിക്കാം.
പോഷകങ്ങൾ കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതു ശരീരത്തിനു നല്ലതാണ്. തണ്ണിമത്തൻ ജൂസിൽ ഒരൽപം നാരങ്ങ പിഴിഞ്ഞൊഴിച്ചാൽ വ്യത്യസ്ത രുചി ലഭിക്കും.
നാരങ്ങ വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്തു കുടിക്കുന്നതു ക്ഷീണം മാറ്റാൻ സഹായിക്കും.
മാംസാഹാരം കുറയ്ക്കാം
ചിക്കൻ മുതലായ മാംസങ്ങൾ ഒഴിവാക്കി മത്സ്യങ്ങൾ കഴിക്കാൻ ശ്രമിക്കാം. മുളപ്പിച്ച പയറു വർഗങ്ങൾ മാംസത്തിനു ബദൽ പ്രോട്ടീൻ മാർഗമായി ഉപയോഗിക്കാം.
മദ്യം, ചുവന്ന മുളക്, മസാലകൾ, കോഫി, ചോക്ലേറ്റുകൾ വറുത്ത പദാർഥങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. വേനലിൽ കൂടുതൽ വിശക്കാത്തതിനാൽ ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഇതൊരു നല്ല സമയമാണ്.
ആരോഗ്യപ്രദമായ സാലഡുകളും മറ്റും കഴിച്ചു ശരീരഭാരം ക്രമീകരിക്കാം.
കടപ്പാട്:
ഡോ. ആർ.
അശ്വിനി, അസോഷ്യേറ്റ് പ്രഫസർ, ഡെർമറ്റോളജി ഡിപ്പാർട്മെന്റ്, ഗവ. മെഡിക്കൽ കോളജ്.
കോട്ടയം
ഡോ. മുംതാസ് ഖാലിദ് ഇസ്മായേൽ, കൺസൽറ്റന്റ് ക്ലിനിക്കൽ ഡയറ്റീഷ്യൻ, ടോട്ടൽ ന്യൂട്രീഷൻ പ്ലസ്, കൊച്ചി
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

