തിരുവനന്തപുരം ∙ സംസ്ഥാനത്താകെ 71 മണ്ഡലങ്ങളിൽ 2021നെ അപേക്ഷിച്ചു പോൾ ചെയ്ത വോട്ടർമാരുടെ എണ്ണം കുറഞ്ഞതിൽ 9 മണ്ഡലങ്ങൾ തിരുവനന്തപുരത്ത്. ഇവ ഉൾപ്പെടെ ജില്ലയിലെ 14 മണ്ഡലങ്ങളിലും പോളിങ് ശതമാനം കാര്യമായി ഉയർന്നെങ്കിലും പോൾ ചെയ്ത വോട്ടർമാരുടെ എണ്ണം ഈ 9 മണ്ഡലങ്ങളിലും താഴേക്കാണ്.
കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, അരുവിക്കര, പാറശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര എന്നീ മണ്ഡലങ്ങളിലാണു പോളിങ് ഇടിഞ്ഞത്. ഇതിൽ നേമം, തിരുവനന്തപുരം മണ്ഡലങ്ങളിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികൾക്കു ലഭിച്ച ഭൂരിപക്ഷത്തെക്കാൾ കൂടുതലാണ്, പോൾ ചെയ്ത വോട്ടിലുണ്ടായ കുറവ്.
കുറഞ്ഞ വോട്ടുകൾ ആരുടെ വോട്ട് കുറയ്ക്കുമെന്നും ആരെ തോൽപിക്കുമെന്നുമുള്ള ആശങ്ക മൂന്നു മുന്നണികൾക്കുമുണ്ട്.
എൽഡിഎഫിന് 3,949 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച നേമത്ത് 7,026 വോട്ടും, 7,089 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച തിരുവനന്തപുരത്ത് 8,465 വോട്ടുമാണു പോളിങ്ങിൽ കുറവുണ്ടായത്. ഈ രണ്ടു മണ്ഡലങ്ങളിലും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് കണക്കാക്കിയിരിക്കുന്നത് 2,500ൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിലുള്ള ജയമാണ്. നേമത്ത് എൻഡിഎയും തിരുവനന്തപുരത്തു യുഡിഎഫും ജയം അവകാശപ്പെടുന്നുണ്ട്.
എൽഡിഎഫിന്റെ വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്നും കുറഞ്ഞ വോട്ടുകൾ മറ്റു സ്ഥാനാർഥികളെയാകും ബാധിക്കുകയെന്ന് എൽഡിഎഫ് നേതൃത്വം പറയുന്നു. എന്നാൽ 2021ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചെയ്ത കള്ളവോട്ടുകൾ ഇത്തവണ ചെയ്യാൻ കഴിയാതെ വന്നതോടെ വോട്ടുകൾ കുറഞ്ഞെന്ന രാഷ്ട്രീയ ആരോപണമാണു യുഡിഎഫിന്റേത്.
എന്തുകൊണ്ട് വോട്ട് കുറഞ്ഞെന്ന കൃത്യമായ നിഗമനത്തിലേക്കു മുന്നണികൾ എത്തിയിട്ടില്ല.
തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ എസ്ഐആറിന്റെ ഭാഗമായി ശരാശരി 40,000 വോട്ടുകൾ പട്ടികയിൽനിന്നു നീക്കം ചെയ്തതിനു പുറമേയാണു പോളിങ്ങിലും വൻ ഇടിവുണ്ടായത്. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം മണ്ഡലങ്ങളിലാണു പോൾ ചെയ്ത വോട്ടുകളുടെ വർധന.
ഓരോ മണ്ഡലത്തിലും 697 മുതൽ 3885 വരെ വോട്ടുകൾ കൂടി. തിരഞ്ഞെടുപ്പു കമ്മിഷൻ വോട്ട് കണക്കുകൾ അന്തിമമാക്കുമ്പോൾ എണ്ണത്തിൽ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെങ്കിലും നിലവിലെ സ്ഥിതി ഇതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

