കുറുപ്പംപടി ∙ അരനൂറ്റാണ്ടു പഴക്കമുള്ള പെരിയാർവാലി നീർപ്പാലം തകർന്നു. വേങ്ങൂർ പളളിത്താഴത്തിനു സമീപം ഈസ്റ്റ് എംഡി നീർപ്പാലമാണു തകർന്നത്.
അധികൃതർ ഉടൻ നീരൊഴുക്കു നിർത്തിയതിനാൽ വീടുകളിലേക്കു വെള്ളം കയറിയില്ല. ജാതിത്തോട്ടങ്ങളിൽ അടക്കം കൃഷിയിടങ്ങളിൽ വെള്ളം കയറി.
പാലത്തിന്റെ തൂൺ തകർന്നതാണ് അപകടകാരണം.
വേങ്ങൂർ ഈസ്റ്റ് പെരിയാർവാലി മെയിൻ കനാലിൽ നിന്നു മുടക്കുഴ പഞ്ചായത്തിലെ കണ്ണഞ്ചേരിമുകൾ, ആനകല്ല്, അകനാട് എന്നിവിടങ്ങളിലെ കനാലുകളിലേക്ക് വെള്ളം കൊണ്ടു പോകാൻ വേങ്ങൂർ കാവ് ചർച്ച് റോഡിനോട് ചേർന്ന് നിർമിച്ച നീർപ്പാലമാണിത്. 53 വർഷം പഴക്കമുണ്ട്.
പാലം പുനർനിർമിച്ച് നീരൊഴുക്കു പുനർനിർമിച്ചില്ലെങ്കിൽ നൂറുകണക്കിനു കുടുംബങ്ങളിലെ കിണറുകൾ വറ്റും. വേനൽക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണിത്.
തൂണുകളിൽ വൃക്ഷങ്ങൾ വളർന്നും വേരുകൾ ഇറങ്ങിയും ബലക്ഷയം സംഭവിച്ച്, ഏതു സമയത്തും പാലം തകർന്നു വീഴുമെന്നു ചൂണ്ടിക്കാട്ടി 2025 ജൂലൈ 11ന് മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് മുൻ പി.പി.അവറാച്ചൻ പെരിയാർവാലി എക്സിക്യൂട്ടീവ് എൻജിനീയർക്കു കത്ത് നൽകിയിരുന്നു.
540 മീറ്റർ നീളമുള്ള പാലത്തിന്റെ തൂണുകളുടെ അപകടാവസ്ഥ പരിഹരിക്കാൻ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയാറാക്കിയെന്നും ഫണ്ട് ലഭ്യതയനുസരിച്ച് അറ്റകുറ്റപ്പണി നടത്തുമെന്നും എക്സിക്യൂട്ടീവ് എൻജിനീയർ മറുപടി നൽകിയിരുന്നു.
തൂണുകളിൽ വളർന്നു നിൽക്കുന്ന വൃക്ഷങ്ങളും ചെടികളും തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി നീക്കാൻ തീരുമാനിച്ചതാണെന്നും ഇതു നടന്നില്ലെങ്കിൽ പെരിയാർവാലിയുടെ കർമപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുമെന്നും അറിയിച്ചിരുന്നു. രണ്ടും നടന്നില്ല.
ഇതിനിടയിലാണ് തൂണു തകർന്നു പാലം വീണത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

