പശ്ചിമേഷ്യയിൽ സംഘർഷഭരിതമായ സാഹചര്യം തുടരുന്നതിനിടെ ഇറാനെതിരെ കർശന സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഇറാൻ ഭരണനേതൃത്വത്തിന്റെ സാമ്പത്തിക സ്രോതസ്സുകൾ ലക്ഷ്യമിട്ടാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായി കരുതപ്പെടുന്ന വ്യവസായി അലി അൻസാരി ഉൾപ്പെടെയുള്ള 14 വ്യക്തികളെയും വിവിധ സ്ഥാപനങ്ങളെയും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അലി അൻസാരി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന് (ഐആർജിസി) സാമ്പത്തിക സഹായം നൽകിയതായി അമേരിക്ക ആരോപിക്കുന്നു.
പൊതുഖജനാവിലെ പണം ദുരുപയോഗം ചെയ്ത് വിദേശരാജ്യങ്ങളിൽ റിയൽ എസ്റ്റേറ്റ്, വാണിജ്യ മേഖലകളിൽ വൻതോതിൽ നിക്ഷേപം നടത്തിയെന്നാണ് അദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. നേരത്തെ ബ്രിട്ടനും ഇദ്ദേഹത്തിനെതിരെ സമാനമായ നടപടികൾ സ്വീകരിച്ചിരുന്നു.
ഇറാൻ ഭരണകൂടത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കി. ഉപരോധം മറികടന്ന് ഇറാനിയൻ ബാങ്കുകൾക്കായി കോടിക്കണക്കിന് ഡോളറിന്റെ വിദേശ നാണ്യ ഇടപാടുകൾ നടത്തിയ മൂന്ന് മണി എക്സ്ചേഞ്ച് ഹൗസുകളെയും അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ഹോങ്കോംഗ്, യുഎഇ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിദേശ ഷെൽ കമ്പനികൾക്ക് നേരെയും യുഎസ് ട്രഷറി നടപടികൾ സ്വീകരിച്ചു. ഇതിനിടെ, ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
അതേസമയം, ഇറാനുമായി തുടർചർച്ചകൾക്ക് തയ്യാറാണെന്ന നിലപാടാണ് അദ്ദേഹം ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലെ സംഘർഷ സാഹചര്യത്തിന് നേരിയ അയവ് വന്നെങ്കിലും, പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറിനുള്ള സാധ്യതകൾ വിദൂരമാണെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

