കൊച്ചി: സമുദ്രോപരിതലത്തിലെ താപനിലയിലുണ്ടാകുന്ന വർധനവിന് കാരണമാകുന്ന എൽ നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ, അടുത്ത വർഷം മത്തിയുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ദേശീയ മത്സ്യകർഷക ദിനാചരണത്തോടനുബന്ധിച്ച് സിഎംഎഫ്ആർഐ സംഘടിപ്പിച്ച മത്സ്യ കർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്ഥാപനത്തിന്റെ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ്.
ഒക്ടോബർ-നവംബർ മാസങ്ങളിൽ ശക്തിപ്രാപിക്കുന്ന എൽ നിനോ പ്രതിഭാസത്തിന്റെ പ്രതികൂല ഫലങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ അടുത്ത വർഷം ഏപ്രിൽ-മെയ് മാസങ്ങളോടെ പ്രകടമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഏതാനും വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിൽ മത്തിയുടെ ലഭ്യത മെച്ചപ്പെട്ട
അവസ്ഥയിലാണുള്ളത്. എന്നാൽ സമുദ്രത്തിലെ താപതരംഗങ്ങളും അനുബന്ധ താപവ്യതിയാനങ്ങളും മത്തി ഉൾപ്പെടെയുള്ള ഉപരിതല മത്സ്യങ്ങളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇത് രാജ്യത്തെ മൊത്തം സമുദ്രമത്സ്യ ഉൽപ്പാദനത്തിൽ കുറവുണ്ടാക്കാൻ ഇടയാക്കും. സമുദ്രതാപനം പവിഴപ്പുറ്റുകളെ നശിപ്പിക്കുമെന്നും, ഇത് ചെമ്പല്ലി പോലുള്ള പവിഴപ്പുറ്റുകളെ ആശ്രയിക്കുന്ന മത്സ്യങ്ങളുടെ പ്രജനനത്തെയും ലഭ്യതയെയും ദോഷകരമായി ബാധിക്കുമെന്നും ഡോ ഗ്രിൻസൺ ജോർജ് കൂട്ടിച്ചേർത്തു.
ഈ സാഹചര്യത്തിൽ, മത്സ്യത്തൊഴിലാളികൾക്കും കർഷകർക്കും ആവശ്യമായ പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ ഈ വർഷം തന്നെ പുറപ്പെടുവിക്കുമെന്ന് സിഎംഎഫ്ആർഐ അറിയിച്ചു. അമിത ചൂടിനും ഉയർന്ന ലവണാംശത്തിനും ശേഷം പെട്ടെന്നുണ്ടാകുന്ന മഴ തീരദേശങ്ങളിലും കായൽ മേഖലകളിലും ജലത്തിന്റെ ലവണാംശത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് കാരണമാകും.
ഇത് മത്സ്യകൃഷിയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശ കർഷകർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സംഗമത്തിൽ തീരദേശ മത്സ്യകൃഷി, കൂട് കൃഷി, മത്സ്യവിത്തുൽപ്പാദനം, പട്ടാളപ്പുഴു ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്കരണം, മത്സ്യത്തീറ്റ നിർമ്മാണം, വിവിധ സർക്കാർ സബ്സിഡികൾ എന്നിവയെക്കുറിച്ച് സിഎംഎഫ്ആർഐ ശാസ്ത്രജ്ഞർ കർഷകർക്ക് സാങ്കേതിക മാർഗനിർദേശങ്ങൾ നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

